മാന്നാറിൽ യുവതിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതികൾ അറസ്‌റ്റിൽ; പിടിയിലായത് സ്വർണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണികൾ

Friday 30 April 2021 11:35 AM IST

ആലപ്പുഴ: മാന്നാറിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേർ പിടിയിൽ. സ്വർണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണികളാണിവർ. മലപ്പുറം സ്വദേശികളായ രാജേഷ് പ്രഭാകർ, ഹാരിസ്, എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്‌റ്റിലാകുന്നവരുടെ ആകെ എണ്ണം 13 ആയി. രാജേഷ് പ്രഭാകറാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതി ആസൂത്രണം ചെയ്‌തത്.

സ്വർണക്കടത്തിൽ ക്യാരിയറായിരുന്ന മാന്നാർ കൊരട്ടിക്കാട്ട് സ്വദേശിയായ ബിന്ദു (32)​ ദുബായിൽ നിന്നും കൊണ്ടുവന്ന സ്വർണം ലഭിക്കാത്തതിനെ തുടർന്നാണ് സംഘം തട്ടിക്കൊണ്ടുപോയത്. ഈ സ്വർണം ഇവർ മാലിയിൽ ഉപേക്ഷിച്ചതായാണ് പൊലീസിന് നൽകിയ വിവരം. സ്വർണം നഷ്‌ടപ്പെട്ടതോടെ രാത്രി രണ്ട് മണിക്ക് യുവതിയെയും ബന്ധുക്കളെയും വീട് കയറി ആക്രമിച്ച സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി. സംഭവത്തിലെ മുഖ്യ പ്രതികളായ രാജേഷിനെയും ഹാരിസിനെയും എടപ്പാളിൽ നിന്നും നെടുമ്പാശേരിയിൽ നിന്നുമാണ് പിടികൂടിയത്.

ഫെബ്രുവരി 22നായിരുന്നു സ്വർണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. നാല് ദിവസത്തിന് ശേഷം പാലക്കാട് വടക്കഞ്ചേരിയിൽ ഇവരെ ഇറക്കിവിട്ടു. സ്വർണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ തർ‌ക്കങ്ങളാണ് സംഭവത്തിന് ആസ്‌പദമായതെന്ന് പൊലീസ് അറിയിച്ചു.