മരുന്ന് ബാങ്ക് പൂട്ടിച്ചാലെന്താ ശ്‌മശാനം കൂടുതൽ വിശാലമാക്കിയല്ലോ: യുദ്ധകാലാടിസ്ഥാനത്തിൽ ഗ്യാസ് ശ്‌മശാനം പൂർത്തിയാക്കിയെന്ന് മേയർ, വിവാദമായപ്പോൾ പോസ്‌റ്റ് പിൻവലിച്ചു

Friday 30 April 2021 3:46 PM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജിന് സമീപത്തെ മരുന്ന് ബാങ്ക് കോർപ്പറേഷൻ പൂട്ടിച്ചത് വിവാദമാകുന്നതിനിടെ മറ്റൊരു അമളിയുമായി മേയർ ആര്യ രാജേന്ദ്രൻ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച ഗ്യാസ് ശ്‌മശാനം പ്രവർത്തനം ആരംഭിച്ചുവെന്ന ആര്യയുടെ ഫേസ്ബുക്ക് പോസ്‌റ്റാണ് ട്രോളുകൾ ഏറ്റുവാങ്ങുന്നത്. സംഭവം വിവാദമായതോടെ മേയർ പോസ്‌റ്റ് പിൻവലിക്കുകയും ചെ‌യ്‌തു.

രാജ്യം കൊവിഡ് മഹാമാരിയ്‌ക്കുമുന്നിൽ വിറങ്ങലിച്ചുനിൽക്കുന്ന സമയത്ത് കോർപ്പറേഷൻ ആധുനിക ശ്മശാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി പറയുന്നത് ഔചിത്യമില്ലായ്‌മയാണെന്നായിരുന്നു കമന്റുകൾ.

പോസ്റ്റിൽ ആര്യ പറഞ്ഞത്:

'രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തൈക്കാട് ശാന്തികവാടത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് ശ്‌മശാനം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ശാന്തികവാടത്തിൽ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്‌കാരത്തിനായി ഉള്ളത്'. ആധുനികരീതിയിൽ നിർമ്മിച്ച ഗ്യാസ് ശ്മശാനത്തിന്റെ ചിത്രങ്ങളോടൊപ്പമാണ് ആര്യ ഫേസ്ബുക്കിൽ ഈ വരികൾ കുറിച്ചത്.