അവകാശവാദങ്ങൾ ആവർത്തിക്കാതെ ട്വന്റി 20
കൊച്ചി: സർക്കാർ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കുമെന്ന് വോട്ടെടുപ്പിന് മുമ്പ് അവകാശപ്പെട്ട ട്വന്റി 20 ഫലമറിയാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കുമ്പോൾ അവകാശവാദങ്ങൾക്കില്ല. എട്ടിടത്ത് മത്സരിച്ചെങ്കിലും എവിടെയെങ്കിലും വിജയിക്കുമെന്ന് ഉറപ്പിച്ചുപറയുന്നില്ല. ജയിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്ന നിലപാടിലാണ് കിഴക്കമ്പലം ട്വന്റി 20. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ കരുത്തിലാണ് ട്വന്റി 20 നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചത്. കുന്നത്തുനാട്, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം, തൃക്കാക്കര, എറണാകുളം, വൈപ്പിൻ, കൊച്ചി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിറുത്തി. പൊതുപ്രവർത്തകർക്ക് പകരം ഡോക്ടർമാർ, ബിസിനസുകാർ തുടങ്ങിയ പ്രൊഫഷണലുകളെയാണ് സ്ഥാനാർത്ഥികളാക്കിയത്. മുന്നണികളോട് കിടപിടിക്കുന്ന പ്രചാരണവും നടത്തി. അഞ്ചു സീറ്റിലെങ്കിലും ജയിക്കുമെന്നും മുന്നണികൾക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാതെ വരുമ്പോൾ സർക്കാർ രൂപീകരണത്തിൽ തങ്ങൾ നിർണായകശക്തിയാകുമെന്നുമായിരുന്നു ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് അവകാശപ്പെട്ടത്.
"തോറ്റാലും ജയിച്ചാലും മറ്റുള്ളവരെപ്പോലെ ഞങ്ങൾക്ക് വിഷമമില്ല. ജനങ്ങൾക്ക് വേണ്ടങ്കിൽ വേണ്ട. കുന്നത്തുനാട് ഉൾപ്പെടെ ഒരു മണ്ഡലത്തെക്കുറിച്ചും വോട്ടെടുപ്പിന് ശേഷം വിലയിരുത്തിയിട്ടില്ല. തോറ്റാലും തിരിച്ചടിയായി കരുതുന്നില്ല. കിഴക്കമ്പലം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോറ്റാൽ തിരിച്ചടിയാണെന്ന് പറയാം. നിയമസഭാ തിരഞ്ഞെടുപ്പിൽ അങ്ങനെ കരുതേണ്ട." സാബു ജേക്കബ് കേരളകൗമുദിയോട് പറഞ്ഞു.കിഴക്കമ്പലം ഉൾപ്പെടുന്ന കുന്നത്തുനാട് മണ്ഡലത്തിൽ ട്വന്റി 20ക്ക് വിജയിക്കാൻ കഴിയുമെന്നായിരുന്നു പ്രചാരണകാലത്തെ വിലയിരുത്തൽ. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ 44,000 ലേറെ വോട്ടുകൾ ലഭിച്ചതായിരുന്നു ഇതിനാധാരം. മൂന്നാം മത്സരത്തിനിറങ്ങിയ യു.ഡി.എഫിലെ വി.പി. സജീന്ദ്രനാണ് ട്വന്റി 20 വെല്ലുവിളി ഉയർത്തിയത്. ശക്തമായ പ്രചാരണത്തിലൂടെ ട്വന്റി 20 യെ മറികടക്കാൻ കഴിഞ്ഞെന്നും ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കുമെന്നുമാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. എൽ.ഡി.എഫും പ്രതീക്ഷ പുലർത്തുന്നുണ്ട്. മൂവാറ്റുപുഴയിലും കോതമംഗലത്തും പെരുമ്പാവൂരിലും മുന്നണികളുടെ വിജയത്തെ സ്വാധീനിക്കാൻ ട്വന്റി 20ക്ക് കഴിഞ്ഞോയെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.