ഇ-റേഷൻ കാർഡ് എല്ലാ ജില്ലകളിലും

Saturday 01 May 2021 12:07 AM IST

തിരുവനന്തപുരം: ഇ- റേഷൻ കാർഡ് തിങ്കളാഴ്ച മുതൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യവകുപ്പ് നടപ്പിലാക്കും. പുതിയ റേഷൻ കാർഡിന് അപേക്ഷിച്ചവർക്ക് സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാൻ കഴിയുന്നതാണ് നേട്ടം. ഓൺലൈൻ അപേക്ഷയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസർ അംഗീകാരം നൽകുന്നതോടെ പി.ഡി.എഫ് രൂപത്തിലുള്ള റേഷൻ കാർഡ് പ്രിന്റ് എടുക്കാം.

നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് സാങ്കേതികസൗകര്യം ഒരുക്കിയത്. 50 രൂപയുമാണ് ഫീസ്. ഇ–ട്രഷറി സംവിധാനത്തിലൂടെ ഓൺലൈനായി ഫീസ് അടയ്ക്കാം. ഇ–റേഷൻ കാർഡിന് അകത്തെ പേജുകൾ ഉണ്ടാകില്ല. പുതിയ അംഗങ്ങളെ ചേർക്കുക, ഒഴിവാക്കുക എന്നിങ്ങനെയുള്ള മാറ്റങ്ങൾക്കും ഈ രീതിയിൽ അപേക്ഷിക്കാം.

പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തിരുവനന്തപുരത്ത് മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്തിരുന്നു. ഇത് വിജയിച്ചതോടെയാണ് എല്ലാ ജില്ലകളിലും നടപ്പാക്കുന്നത്.

കാർഡ് കിട്ടുന്ന വിധം

അക്ഷയ കേന്ദ്രങ്ങൾ വഴിയോ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ വഴിയോ കാർഡിന് അപേക്ഷിക്കാം. രേഖകൾ സമർപ്പിച്ച് അപേക്ഷ താലൂക്ക് സപ്ലൈ ഓഫീസറോ, സിറ്റി റേഷനിംഗ് ഓഫീസറോ അംഗീകരിച്ചാൽ കാർഡ് അപേക്ഷകന്റെ ലോഗിൻ പേജിലെത്തും. പാസ്‌വേഡ്, റേഷൻ കാർഡുമായി ലിങ്ക് ചെയ്ത അപേക്ഷകന്റെ മൊബൈൽഫോണിലേക്ക് വരും. ഇതുപയോഗിച്ച് കാർഡ് പ്രിന്റ് എടുക്കാം.