'നിങ്ങളുടെ ഇടയിൽ ധാരാളം ഭാവനാസമ്പന്നരായ ആളുകളുണ്ടെന്ന് എല്ലാവർക്കും അറിയാല്ലോ'; സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തയ്യാറെടുപ്പ് നടത്താൻ നിർദ്ദേശം നൽകിയെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി

Saturday 01 May 2021 6:39 PM IST

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്താനായി താൻ നിർദ്ദേശം നൽകിയെന്ന മാദ്ധ്യമവാർത്ത തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇംഗ്ളീഷ് ദിനപത്രമായ 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസി'ൽ ഇത് സംബന്ധിച്ച് വന്ന വാർത്ത ചൂണ്ടിക്കാട്ടിയുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാർ അതേക്കുറിച്ച് യാതൊന്നും ആലോചിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുതയെന്നും അത്തരം കാര്യങ്ങൾ ആലോചിക്കുന്നതിന് ഒരു രീതിയുണ്ടെന്നും ആ രീതിയിൽ മാത്രമാണ് തീരുമാനങ്ങൾ എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

മാദ്ധ്യമപ്രവർത്തരെ കുറ്റപ്പെടുത്തിക്കൊണ്ട് 'നിങ്ങളുടെ ഇടയിൽ ധാരാളം ഭാവനാ സമ്പന്നരുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ'- എന്നും മുഖ്യമന്ത്രി പറഞ്ഞു. മുമ്പും ഇത്തരത്തിൽ ഭാവനാ സമ്പന്നർ രംഗത്തുവന്നിട്ടുള്ളതാണെന്നും ഇപ്പോൾ ഇക്കാര്യത്തില് അങ്ങനെ തന്നെയിരിക്കട്ടെ എന്ന് വിചാരിച്ചതാകാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ഇടതുമുന്നണിക്ക് തുടര്‍ഭരണമുണ്ടാവുകയാണെങ്കില്‍ തിങ്കളാഴ്ച്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങൊരുക്കാന്‍ മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു വാർത്ത. രാജ്ഭവനില്‍ ലളിതമായ ഒരു ചടങ്ങായി സത്യപ്രതിജ്ഞ ചുരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി 'ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

content specifics: cm pinarayi vijayan rejects reports about him giving intructions to make arrangements for the oath ceremony.