ഇന്നറിയാം ജനവിധി

Sunday 02 May 2021 12:56 AM IST

പാലക്കാട്: കേരളം ഇനി ആര് ഭരിക്കുമെന്ന് ഇന്നറിയാം. ജില്ലയിലെ 12 മണ്ഡലങ്ങളിലും വോട്ടെണ്ണലിനുള്ള ഒരുക്കം പൂർത്തിയായി. ഒമ്പത് ഇടങ്ങളിലായാണ് വോട്ടെണ്ണൽ. കൊവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കൗണ്ടിംഗ് ഹാൾ, ടേബിൾ എന്നിവ വർദ്ധിപ്പിച്ചു. ശാരീരിക അകലം ഉറപ്പാക്കുന്ന രീതിയിലാണ് ക്രമീകരണം. ശരിയായ രീതിയിൽ മാസ്‌ക് ധരിക്കാത്തവരെ കൗണ്ടിംഗ് സെന്ററിൽ പ്രവേശിപ്പിക്കില്ല. പ്രവേശന കവാടം മുതൽ കൗണ്ടിംഗ് ടേബിൾ വരെയുള്ള മുഴുവൻ പോയിന്റിലും സാനിറ്റൈസർ ലഭ്യമാക്കും.

5000 ഉദ്യോഗസ്ഥർ

വോട്ടെണ്ണലിന് 5000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇ.വി.എം, പോസ്റ്റൽ ബാലറ്റ് എന്നിവ എണ്ണി തിട്ടപ്പെടുത്തുന്നതിന് ഓരോ ടേബിളുകളിലും മൈക്രോ ഒബ്‌സർവർ, കൗണ്ടിംഗ് സൂപ്പർവൈസർ, അസിസ്റ്റൻസ് എന്നിവരെ നിയോഗിച്ചു.

12 കേന്ദ്രങ്ങളിൽ ആകെ 61 ഹാളിലാണ് വോട്ടെണ്ണൽ. പോസ്റ്റൽ ബാലറ്റിന് 13ഉം ഇ.വി.എമ്മിന് 48ഉം. ചിറ്റൂരിൽ പോസ്റ്റൽ ബാലറ്റിന് രണ്ടും മറ്റ് 11 മണ്ഡലങ്ങളിലും ഓരോ ഹാളും വീതവുമാണുള്ളത്. ഇ.വി.എമ്മിന് 244 ടേബിളും പോസ്റ്റൽ ബാലറ്റിന് 85 ടേബിളുമുൾപ്പെടെ 329 ടേബിളിൽ വോട്ടെണ്ണും.

തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, പാലക്കാട്, ചിറ്റൂർ, നെന്മാറ, ആലത്തൂർ എന്നിവിടങ്ങളിൽ ഏഴു വീതവും മണ്ണാർക്കാട് അഞ്ച്, തരൂർ പത്ത് എന്നിങ്ങനെയാണ് പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് ടേബിളുള്ളത്.

കനത്ത സുരക്ഷ

വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പ്രവേശന കവാടം, പരിസരം, പാർക്കിംഗ്, കൗണ്ടിംഗ് ഹാൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാൻ പൊലീസിനെ നിയോഗിച്ചു. ഡിവൈ.എസ്.പിമാർക്കാണ് ചുമതല. സുരക്ഷാ പ്രാധാന്യമനുസരിച്ച് സി.ഐ, എസ്.ഐ, ആർ.എസ്.ഐ, എസ്.സി.പി.ഒ, വുമൺ സി.പി.ഒ, എ.ആർ/കെ.എ.പി ബറ്റാലിയൻ ഉൾപ്പെടെ 60 മുതൽ 88 പൊലീസുകാരെ നിയോഗിക്കും.

പട്ടാമ്പി സംസ്‌കൃത കോളേജ്, പാലക്കാട് ഗവ.വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ 88 പൊലീസുകാരെയും ഒറ്റപ്പാലം എൽ.എസ്.എൻ.ജി എച്ച്.എസ്, ഒറ്റപ്പാലം എൻ.എസ്.എസ് ബി.എഡ് ട്രെയിനിംഗ് കോളേജ്, കല്ലേക്കാട് വ്യാസ വിദ്യാപീഠം, മണ്ണാർക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ് എച്ച്.എസ്.എസ്, കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവ.കോളേജ്, നെന്മാറ എൻ.എസ്.എസ് കോളേജ് എന്നിവിടങ്ങളിൽ 74 വീതവും ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസിൽ 60ഉം പേരെ നിയോഗിച്ചു.

വോട്ടെണ്ണൽ എട്ടുമുതൽ

രാവിലെ എട്ടിന് ആദ്യം തപാൽ വോട്ടെണ്ണും. അതുവരെ തപാൽ വോട്ട് സ്വീകരിക്കും. തുടർന്ന് ലഭിക്കുന്നത് പരിഗണിക്കില്ല. രാവിലെ 8.30 വരെ തപാൽ വോട്ടും തുടർന്ന് മെഷീനിലെ വോട്ടും എണ്ണും.

വോട്ടെണ്ണൽ കേന്ദ്രങ്ങൾ

 തൃത്താല- പട്ടാമ്പി കോളേജ് സയൻസ് ബ്ലോക്ക്.

 പട്ടാമ്പി- പട്ടാമ്പി കോളേജ് മെയിൻ ബ്ലോക്ക്.

 ഷൊർണൂർ- ഒറ്റപ്പാലം എൽ.എസ്.എൻ ജി.എച്ച്.എസ്.എസ് വെറോണിക്ക ഹാൾ.

 ഒറ്റപ്പാലം- ഒറ്റപ്പാലം എൻ.എസ്.എസ് ബി.എഡ് ട്രെയിനിംഗ് കോളേജ്.

 കോങ്ങാട്- കല്ലേക്കാട് വ്യാസവിദ്യാപീഠം കോൺഫറൻസ് ഹാൾ.

 മണ്ണാർക്കാട്- നെല്ലിപ്പുഴ ഡി.എച്ച്.എസ് എച്ച്.എസ്.എസ്.

 മലമ്പുഴ- ഗവ.വിക്ടോറിയ കോളേജ് മലയാളം ബ്ലോക്ക്.

 പാലക്കാട്- ഗവ.വിക്ടോറിയ കോളേജ് ഓഫീസ് ഹാൾ.

 തരൂർ- ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് മീറ്റിംഗ് ആന്റ് ലക്ചർ ഹാൾ.

 ആലത്തൂർ- ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ഊട്ടുപുര ഹാൾ.

 ചിറ്റൂർ- കൊഴിഞ്ഞാമ്പാറ ഗവ.കോളേജ്.

 നെന്മാറ- നെന്മാറ എൻ.എസ്.എസ് കോളേജ്.