ചൊവ്വാഴ്ച വരെ കൂട്ടംചേരലും പ്രകടനങ്ങളും പാടില്ല,​ കമാൻഡോ വിഭാഗത്തെയും രംഗത്തിറക്കാൻ ഡിജിപിയുടെ നിർദ്ദേശം

Saturday 01 May 2021 9:19 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തിൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവി മാരോട് ആവശ്യപ്പെട്ടു.

ജില്ലാ പൊലീസ് മേധാവിമാർ ഉൾപ്പെടെയുളള ഫീൽഡ് ഓഫീസർമാർ നാളെ മുതൽ പൊലീസ് നടപടികൾക്ക് നേരിട്ട് നേതൃത്വം നൽകും. പ്രശ്‌നബാധിത പ്രദേശങ്ങളിൽ ജില്ലാ പൊലീസ് മേധാവിമാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. പ്രധാന സ്ഥലങ്ങളിൽ പൊലീസിന്റെ അർബൻ കമാന്റോ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കാൻ ഭീകര വിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജിക്ക് നിർദ്ദേശം നൽകി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട്, കേരള പകർച്ചവ്യാധി ഓർഡിനൻസ്, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾക്ക് ചൊവ്വാഴ്ച വരെ പ്രാബല്യമുണ്ടായിരിക്കും.

കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന ഈ നിയന്ത്രണങ്ങളെക്കുറിച്ച് സ്ഥാനാർത്ഥികളെയും രാഷ്ട്രീയ പാർട്ടികളെയും മറ്റും ബോധവാൻമാരാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു.

Advertisement
Advertisement