ചങ്കിടിപ്പിന്റെ നിമിഷങ്ങൾ

Sunday 02 May 2021 12:46 AM IST
കോന്നി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ മലയാലപ്പുഴ മുസലിയാർ എൻജിനീയറിംഗ് കോളേജിൽ ഒരുക്കങ്ങൾക്ക് ശേഷം അണുവിമുക്തമാക്കുന്ന അഗ്നി രക്ഷാസേനഉദ്യോഗസ്ഥർ.

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം കൂടുതലുള്ളതിനാൽ ഫലമറിയാൻ വൈകും. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ അന്തിമ ഫലം അറിയാം. ഏപ്രിൽ ആറിന് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി വിധിയെഴുതിയ 7,08,154 വോട്ടുകൾ ഇന്ന് വോട്ടിംഗ് യന്ത്രത്തിൽ തെളിയും. ജില്ലയിൽ 10,54,100 വോട്ടർമാരാണ് ആകെയുണ്ടായിരുന്നത്. ഇവരിൽ 7.08,154 പേർ പോളിംഗ് ബൂത്തിലെത്തി വോട്ടുചെയ്തു. കൂടാതെ ആബ്‌സന്റീസ് വിഭാഗത്തിൽ 20214 തപാൽ വോട്ടുകളായി ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലും സർവീസ് വോട്ടർമാരിലും ഇന്നലെവരെ ലഭിച്ചത് 6132 വോട്ടുകളാണ്. ഇതുൾപ്പെടെ ഇന്നലെ വൈകുന്നേരം വരെ 7,34,500 വോട്ടുകളാണ് വിധി നിർണായകമായിട്ടുള്ളത്. അഞ്ച് നിയോജകമണ്ഡലങ്ങളിലായി 39 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികൾ തമ്മിലായിരുന്നു അഞ്ച് നിയോജകമണ്ഡലങ്ങളിലും പ്രധാന മത്സരം. ആറന്മുള, അടൂർ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കുണ്ടായിരുന്ന അപരൻമാരും തിരുവല്ലയിൽ സ്വതന്ത്രനായിരുന്ന തോമസ് മാത്യുവും നേടുന്ന വോട്ടുകൾ നിർണായകമാകും.

വോട്ടിംഗ് യന്ത്രത്തിൽ പോൾ ചെയ്തത്

തിരുവല്ല: 1,34,469, റാന്നി: 1,23,594, ആറന്മുള: 1,55,370, കോന്നി: 1,44,794, അടൂർ: 1,49,927

വോട്ടെണ്ണൽ രാവിലെ എട്ടിന്

പത്തനംതിട്ട : ജില്ലയിലെ നിയമസഭാ വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെ ലീഡ് നില വ്യക്തമാകും. കൊവിഡ് സാഹചര്യത്തിൽ ഇത്തവണ ബൂത്തുകളുടെ എണ്ണം കൂടിയതും പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം വർദ്ധിച്ചതും ഔദ്യോഗിക ഫല പ്രഖ്യാപനം വൈകാൻ കാരണമാകും. തിരുവല്ല - കുറ്റപ്പുഴ മർത്തോമ റെസിഡൻഷ്യൽ സ്‌കൂൾ, റാന്നി - റാന്നി സെന്റ് തോമസ് കോളേജ്, ആറന്മുള - കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂൾ, കോന്നി - മലയാലപ്പുഴ മുസലിയാർ എൻജിനീയറിംഗ് കോളേജ്, അടൂർ - മണക്കാല തപോവൻ പബ്ലിക് സ്‌കൂൾ തുടങ്ങിയവയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. രാവിലെ 5ന് ആണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട തരംതിരിക്കൽ നടക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും സ്ഥാനാർത്ഥികളുടെ ഏജന്റുമാരും ഇതിന് മുന്നേ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തും. എട്ടരയോടെ ഇ.വി.എം വോട്ടുകൾ എണ്ണിത്തുടങ്ങും. പോസ്റ്റൽ ബാലറ്റുകൾ മുഴുവൻ എണ്ണിത്തീർന്ന ശേഷമേ ഇ.വി.എമ്മുകളുടെ അവസാന റൗണ്ട് വോട്ടെണ്ണൽ നടത്തു. കൗണ്ടിംഗ് ഹാളിന്റെ മെയിൻ ഗേറ്റിൽ നിന്ന് ഇരുവശത്തേക്കും 100 മീറ്റർ അകലത്തിൽ വരുന്ന സ്ഥലം പെടസ്ട്രിയൻ സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. കൗണ്ടിംഗ് സൂപ്പർവൈസർ, അസിസ്റ്റന്റ്, മൈക്രോ ഒബ്‌സർ എന്നിവരാണ് വോട്ടെണ്ണുന്ന ടേബിളിൽ ഉണ്ടാകുക. കൂടാതെ ഒരോ സ്ഥാനാർത്ഥിക്കും ഒരു ഏജന്റിനെ വോട്ടെണ്ണുന്ന ഓരോ ടേബിളിലും നിയോഗിക്കാം. പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് പ്രത്യേക ക്രമീകരണവും കേന്ദ്രങ്ങളിൽ ഉണ്ടാകും.