കടലിൽ കാണാതായ 11 മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി

Sunday 02 May 2021 12:00 AM IST

നാഗർകോവിൽ: കന്യാകുമാരിയിലെ തേങ്ങാപ്പട്ടണം തുറമുഖത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ 11 തൊഴിലാളികളും തിരിച്ചെത്തി. വള്ളവിള സ്വദേശി ജോസഫ് ഫ്രാങ്ക്ളിൻ (46), ജോൺ (20), ജെനിസ്റ്റോൺ (19), സുരേഷ് (44), ജെബിഷ് (18), വിജീഷ് (22), സേട്രിക്ക് (20), ഫ്രെഡി (42), ജഗൻ (29), യേശുദാസൻ (42), മാൽവിൻ (20) എന്നിവരാണ് തകർന്ന ബോട്ടിൽ തിരിച്ചെത്തിയത്. ഈ മാസം ഒമ്പതിനാണ് തേങ്ങാപ്പട്ടണം തുറമുഖത്ത് നിന്ന് വള്ളവിള സ്വദേശി ജോസഫ് ഫ്രാങ്കിന്റെ ഉടമസ്ഥതയിലുള്ള 'മെഴ്സിഡസ്"എന്ന ബോട്ട് മത്സ്യബന്ധനത്തിന് പോയത്.

ഏപ്രിൽ 23ന് 'മെഴ്സിഡസി"ലുള്ളവരുമായി മറ്റ് ബോട്ടുകളിലെ തൊഴിലാളികൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ 24ന് 'മെഴ്സിഡസിന്റെ ഭാഗങ്ങൾ ഗോവയുടെ തീരപ്രദേശത്തു വച്ച് മറ്റ് തൊഴിലാളികൾ കണ്ടെത്തി. ഇവരാണ് വിവരം പുറംലോകത്തെ അറിയിച്ചത്.

25ന് ഉച്ചമുതൽ കോസ്റ്റ് ഗാർഡ് കപ്പലായ സമുദ്ര പ്രേരിയും നേവിയുടെ വിമാനവും തെരച്ചിൽ നടത്തുകയായിരുന്നു. 28ന് രാത്രി സാറ്റലൈറ്റ് ഫോണിൽ ജോസഫ് ഫ്രാങ്ക്‌ളിൻ വീട്ടിൽ വിളിച്ച് എല്ലാപേരും സുരക്ഷിതരാണെന്നും നാട്ടിലേക്ക് മടങ്ങുകയാണെന്നും അറിയിച്ചു.
ഇന്നലെ വൈകിട്ട് 3.10ന് മത്സ്യത്തൊഴിലാളികൾ തേങ്ങാപട്ടണം ഹാർബറിലെത്തി. ഇവരെ മറ്റ് തൊഴിലാളികളെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. ഇവർക്കൊപ്പം കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും കപ്പലുകളുണ്ടായിരുന്നു.

 ഇടിച്ചത് കപ്പൽ

23ന് രാത്രി തൊഴിലാളികൾ ഉറങ്ങുമ്പോൾ ബോട്ടിൽ കപ്പൽ ഇടിക്കുകയായിരുന്നുവെന്ന് ഉടമ ജോസഫ് ഫ്രാങ്ക്ളിൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ എല്ലാവരും കടലിൽ വീണു. തുടർന്ന് എല്ലാവരും നീന്തി ബോട്ടിൽ തിരിച്ചുകയറി. ഇടിച്ച കപ്പൽ നിറുത്താത്തെ പോയി. രാത്രിയായതിനാൽ കപ്പലിന്റെ പേര് കാണാനായില്ല. ബോട്ടിന്റെ മേൽക്കൂര പൂർണമായും തകർന്നിരുന്നു.

Advertisement
Advertisement