ജുഡിഷ്യൽ ഓഫീസർമാരുടെ പാർപ്പിട സമുച്ചയത്തിന് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ

Sunday 02 May 2021 12:00 AM IST

കൊച്ചി: ജില്ലാ ജഡ്‌ജിമാരടക്കം അംഗങ്ങളായ കേരള ജുഡിഷ്യൽ ഒാഫീസേഴ്സ് കോ ഒാപ്പറേറ്റീവ് സൊസൈറ്റി പാർപ്പിട സമുച്ചയം നിർമ്മിക്കുന്നത് നിലമെന്നു രേഖപ്പെടുത്തിയ ഭൂമിയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നഗരസഭാ സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകി.

2019 ജനുവരി 15നാണ് എറണാകുളത്തെ ചളിക്കവട്ടത്ത് ആറു സർവേ നമ്പരുകളിലായുള്ള 83.77 സെന്റ് സ്ഥലത്ത് 16 നിലകളുള്ള പാർപ്പിട സമുച്ചയം നിർമ്മിക്കാൻ കൊച്ചി നഗരസഭ ബിൽഡിംഗ് പെർമിറ്റ് അനുവദിച്ചത്. പക്ഷേ, ഇതിലൊരു സർവേ നമ്പരിലുള്ള ഭൂമി നിലമാണെന്നും പുരയിടമാണെന്ന് വ്യാജമായി തിരുത്തിയാണ് ബിൽഡിംഗ് പെർമിറ്റ് നേടിയതെന്നുമാരോപിച്ച് ചളിക്കവട്ടം സ്വദേശി കെ.എസ്. സലീഷ് നഗരസഭയ്‌ക്ക് പരാതി നൽകി.

നഗരസഭയുടെ ബിൽഡിംഗ് ഇൻസ്പെക്ടറും ഇടപ്പള്ളി സൗത്ത് വില്ലേജ് ഒാഫീസറും പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടുകളിൽ ഒരു സർവേ നമ്പരിലുള്ള എട്ട് സെന്റ് ഭൂമി നിലമാണെന്ന് വ്യക്തമായി. തുടർന്നാണ് നിർമ്മാണം നിറുത്താൻ ഏപ്രിൽ 29 ന് മെമ്മോ നൽകിയത്. 65 ഫ്ളാറ്റുകളാണ് സമുച്ചയത്തിലുള്ളത്.

 നിലം പുരയിടമായി

ജുഡിഷ്യൽ ഒാഫീസേഴ്സ് സഹകരണ സംഘം പ്രസിഡന്റും സെക്രട്ടറിയുമായ കെ. സത്യൻ, പി.കെ. മോഹൻദാസ് എന്നിവർ 2018 ജൂലായ് 26ന് നേടിയ കൈവശാവകാശ സർട്ടിഫിക്കറ്റിൽ കണയന്നൂർ താലൂക്കിലെ ഇടപ്പള്ളി വില്ലേജിലുൾപ്പെട്ട ആറു സർവേ നമ്പരുകളിലെ ഭൂമിയുടെ സ്വഭാവം വ്യക്തമാക്കിയിട്ടുണ്ട്. ഇടപ്പള്ളി സൗത്ത് വില്ലേജ് ഒാഫീസർ നൽകിയ സർട്ടിഫിക്കറ്റ് പ്രകാരം 32/14/A/2/2/2 എന്ന സർവേ നമ്പരിലുള്ള എട്ട് സെന്റ് വരുന്ന ഭൂമി നിലമാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സർട്ടിഫിക്കറ്റ് നഗരസഭയിലെത്തിയപ്പോൾ നിലമെന്നതു പുരയിടമായി മാറി. ഇതു വ്യാജ രേഖയാണെന്നാണ് പരാതിക്കാരനായ കെ.എസ്. സലീഷിന്റെ ആരോപണം. എന്നാൽ മതിയായ പരിശോധനകളടക്കം നടത്തിയാണ് നഗരസഭ പെർമിറ്റു നൽകിയതെന്നും സ്റ്റോപ്പ് മെമ്മോ നൽകുന്നതിനു മുമ്പ് വിശദീകരണം തേടിയില്ലെന്നും സഹകരണ സംഘത്തിന്റെ ചുമതലക്കാർ പറയുന്നു.