കെ. സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി
Sunday 02 May 2021 12:00 AM IST
കൊച്ചി: ഹൈക്കോടതി ജഡ്‌ജിമാരെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് കെ. സുധാകരൻ എം.പിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി തേടി ഹൈക്കോടതി അഭിഭാഷകൻ കെ. ജനാർദ്ദന ഷേണായി നൽകിയ അപേക്ഷ അഡ്വക്കേറ്റ് ജനറൽ അനുവദിച്ചു. ഇതോടെ പരാതിക്കാരന് സുധാകരനെതിരെ ഹൈക്കോടതിയിൽ ക്രിമിനൽ കോടതിയലക്ഷ്യ നടപടിക്ക് കേസ് ഫയൽ ചെയ്യാം.
ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം നടത്താൻ ഉത്തരവിട്ട സിംഗിൾബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെതിരെ കെ. സുധാകരൻ എം.പി വിവാദ പരാമർശങ്ങൾ നടത്തിയെന്നാണ് ആക്ഷേപം. ഡിവിഷൻ ബെഞ്ചിന്റെ വിധിയെയും ജഡ്‌ജിമാരെയും കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പദയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവേ സുധാകരൻ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിക്കാരൻ ആരോപിച്ചത്. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു.