വാക്സിൻ ക്ഷാമം മൂലം ഗുരുതരപ്രതിസന്ധി: മന്ത്രി കെ.കെ.ശൈലജ

Sunday 02 May 2021 12:00 AM IST

മട്ടന്നൂർ: കൊവിഡ് വാക്സിന്റെ ക്ഷാമം മൂലം ഗുരുതര പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വാക്സിനേഷൻ തുടങ്ങിയത് മുതൽ കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും വേണ്ടത്ര വാക്സിൻ കിട്ടുന്നില്ല. നാലു ലക്ഷം ഡോസ് മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളതെന്നും മന്ത്രി പറഞ്ഞു.

ആർ.ടി.പി.സി.ആർ. പരിശോധനക്ക് സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കുന്ന ലാബുകൾക്കെതിരെ കളക്ടർമാർ നടപടിയെടുക്കും. സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ല. ഓക്സിജൻ വിതരണം കാര്യക്ഷമമാക്കാൻ പ്രത്യേക കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. 500 മെട്രിക് ടൺ ഓക്സിജൻ സ്റ്റോക്ക് നില നിർത്തി മാത്രമേ പുറത്തേക്ക് നൽകൂ. രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ ഇപ്പോൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമുണ്ട്. വ്യാപന നിരക്ക് കുറയുന്നില്ലെങ്കിൽ സമ്പൂർണ ലോക്ക് ഡൗൺ പരിഗണിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.