തപാൽ വോട്ടുകളെണ്ണുമ്പോൾ കൗണ്ടിംഗ് ഏജന്റുമാരെ കാണിക്കണമെന്ന് ചെന്നിത്തല

Sunday 02 May 2021 12:00 AM IST

തിരുവനന്തപുരം: എണ്ണുന്ന ഓരോ തപാൽ വോട്ടും കൗണ്ടിംഗ് ഏജന്റുമാരെ കാണിച്ച് ബോദ്ധ്യപ്പെടുത്തണമെന്നും വോട്ടെണ്ണലിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നുമാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്രയ്ക്കും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി. തപാൽ ബാലറ്റുകളുടെ ചുമതലയുള്ള അഡിഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗളിനും കത്ത് നൽകിയിട്ടുണ്ട്.

തപാൽ ബാലറ്റുകളിലെ മാർക്കിംഗ് കൗണ്ടിംഗ് ഏജന്റുമാർക്ക് മുന്നിൽ പ്രദർശിപ്പിക്കണം.വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കൗണ്ടിംഗ് ഏജന്റുമാരെ വിശ്വാസത്തിലെടുത്തേ മുന്നോട്ട് പോകാവൂ. അന്തിമ ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് അവരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബോദ്ധ്യപ്പെടുത്തിയിരിക്കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.