കൊവിഡ് ചികിത്സയ്ക്ക് മാത്രമാകരുത് മെഡി.കോളേജ്: കെ.ജി.എം.സി.ടി.എ
തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ മാത്രം ചികിത്സിക്കണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജുകളെ സമ്പൂർണ കൊവിഡ് ആശുപത്രിയായി മാറ്റരുത്. രണ്ടാഴ്ചത്തെ ലോക്ക്ഡൗൺ നടപ്പിലാക്കണമെന്നും സർക്കാരിന് സമർപ്പിച്ച 14നിർദേശങ്ങളിലുണ്ട്.
എല്ലാ വിഭാഗംകൊവിഡ് രോഗികളും മെഡിക്കൽ കോളേജുകളിൽ വന്നാൽ സാധാരണ രോഗികൾക്കിടയിലും രോഗവ്യാപനമുണ്ടാക്കും.
മെഡിക്കൽ കോളേജുകളുടെ ചികിത്സാ, അദ്ധ്യയന പ്രവൃത്തികളും കൊവിഡ് ഇതര ചികിത്സയും അവതാളത്തിലാകും. കാറ്റഗറി ബി രോഗികളെ എഫ്.എൽ.സി.ടി.സികളിലും മറ്റു ആശുപത്രികളിലുമായി ചികിത്സിക്കണം. കാറ്റഗറി എ രോഗികളെ വീട്ടിൽ തന്നെ ചികിത്സിക്കണം. വീടുകളിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവർക്കായി ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കണം. കൂടുതൽ ഐ.സി.യു കിടക്കകൾ മെഡിക്കൽ കോളേജുകളിൽ ലഭ്യമാക്കണം.
മെഡി. വിദ്യാർത്ഥികളുടെ
പഠനം കൃത്യമായി നടത്താനും പരീക്ഷകൾ മുടങ്ങാതെ നടത്താനും സാഹചര്യം ഒരുക്കണം. അദ്ധ്യാപകരുടെയും ജൂനിയർ ഡോക്ടർമാരുടെയും തസ്തികകളിൽ എത്രയും വേഗം നിയമനം നടത്തണം.
എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കൊവിഡ് ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തണം. ആശുപത്രകളിൽ ലഭ്യമായ സൗകര്യങ്ങൾ അറിയാൻ കേന്ദ്രീകൃത സംവിധാനം ഒരുക്കണം. സർക്കാരിതര, സ്വകാര്യ മേഖലകളിലേക്കുള്ള ഓക്സിജൻ വിതരണം ക്രമപ്പെടുത്തുകയും കൃത്യമായി ഓഡിറ്റ് ചെയ്യുകയും വേണം.
കൂടുതൽ വാക്സിനേഷൻ സെന്ററുകൾ സജ്ജമാക്കണം. കിടപ്പുരോഗികളുടെ കൂടെ കൂട്ടിരിപ്പുകാരെ മാത്രം അനുവദിക്കുക, മെഡിക്കൽ കോളേജ് പരിസരത്ത് ആൾക്കൂട്ടം നിയന്ത്രിക്കുക എന്നീ നിർദേശങ്ങളുമുണ്ട്.