വോട്ടെണ്ണൽ രാവിലെ എട്ടിന്
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. തുടർന്ന് ഇ.വി.എം മെഷീനുകളുടെ കൗണ്ടിംഗ് നടക്കും. ഓരോ മണ്ഡലങ്ങളിലെയും പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് അഞ്ച് ടേബിളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സർവീസ് വോട്ടെണ്ണാൻ രണ്ട് ടെബിളുകളും. ഒരു മണ്ഡലത്തിലെ ഹാളിൽ പരമാവധി 21 ടേബിളുകൾ ഉണ്ടാകും.
ഇ.വി.എം കൗണ്ടിംഗിനായി ഓരോ മണ്ഡലത്തിലും 17 മുതൽ 21 വരെ ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിവിപാറ്റ് എണ്ണുന്നതിനും പ്രത്യേകം സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഇരുപത് ശതമാനം റിസർവ് ജീവനക്കാരെയും ഓരോ കൗണ്ടിംഗ് സെന്ററിലും നിയമിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് കളക്ടർ ഇന്ന് മുതൽ നാലുവരെ ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.
അനുവദിക്കാത്തത്
ആഘോഷപരിപാടികൾ, യോഗങ്ങൾ, റാലികൾ, പരേഡുകൾ, ആഹ്ലാദപ്രകടനങ്ങൾ, സംഘം ചേരൽ എന്നിവ അനുവദിക്കില്ല. ലംഘിച്ചാൽ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കും.
ത്രിതല സുരക്ഷ
1. സ്റ്റേറ്റ് പോലീസ്
2. സ്റ്റേറ്റ് ആംഡ് പൊലീസ്
3. സി.എ.പി എഫ്