സ്‌കൂളിലെ ചിത്രങ്ങൾ വികൃതമാക്കി:നഷ്ടപരിഹാരം നൽകണമെന്ന് ബാലവകാശ കമ്മിഷൻ
Sunday 02 May 2021 5:59 AM IST
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള തുക തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകണമെന്ന് ബാലവകാശ കമ്മിഷൻ. സ്‌കൂൾ മതിലുകളിലും ക്ലാസ് മുറികളിലും വരച്ച ആമയുടെയും മുയലിന്റെയും ചിത്രങ്ങൾക്ക് മേൽ അറിയിപ്പുകൾ പതിച്ച് വികൃതമാക്കിയെന്ന കൊല്ലം പരവൂർ കൂനയിൽ ഗവ.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ബി.എസ്. ഗൗരിയുടെ പരാതിയിലാണ് കമ്മിഷൻ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹകരണത്തോടെ രണ്ടുമാസത്തിനുള്ളിൽ ഇത്തരം സ്‌കൂളുകളിൽ പരിശോധന നടത്തി മൂല്യനിർണയം നടത്തണം. കമ്മിഷൻ ഉദ്യോഗസ്ഥൻ സഹകരിച്ചില്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ നഷ്ടപരിഹാരം തിട്ടപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.