തലമാറിയിട്ടും സൺറൈസേഴ്സിന്റെ തലവര മാറിയില്ല

Sunday 02 May 2021 10:56 PM IST

സൺറൈസേഴ്സ് ഹൈദരാബാദിനെ 55 റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്

രാജസ്ഥാൻ റോയൽസ് 220/3 , സൺറൈസേഴ്സ് ഹൈദരാബാദ് 165/8

ജോസ് ബട്ട്‌ലർക്ക് സെഞ്ച്വറി (124), മാൻ ഒഫ് ദ മാച്ച്

ന്യൂഡൽഹി : തുടർതോൽവികളുടെ പേരുപറഞ്ഞ് ഡേവിഡ് വാർണറെ നായകസ്ഥാനത്തുനിന്ന് മാറ്റി കേൻ വില്യംസണിനെ ടീമിന്റെ ചുമതലയേൽപ്പിച്ചിട്ടും സൺറൈസേഴ്സ് ഹൈദരാബാദിന്റെ തലവര മാറിയില്ല. ഇന്നലെ മലയാളി താരം സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് 55 റൺസിനാണ് സൺറൈസേഴ്സിനെ തോൽപ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തപ്പോൾ സൺറൈസേഴ്സിന് 165/8 എന്ന സ്കോറിലെത്താനേ കഴിഞ്ഞുള്ളൂ.തന്റെ കരിയറിലെ ആദ്യ ഐ.പി.എൽ സെഞ്ച്വറി നേടിയ ഇംഗ്ളീഷ് താരം ജോസ് ബട്ട്‌ലറുടെയും (124) സഞ്ജുവിന്റെയും (48) മികച്ച ബാറ്റിംഗാണ് രാജസ്ഥാനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഓപ്പണർമാരായ മനീഷ് പാണ്ഡെയും (31),ജോണി ബെയർസ്റ്റോയും (30) ഒഴികെയാരും സൺറൈസേഴ്സ് നിരയിൽ പൊരുതാനുണ്ടായിരുന്നില്ല.ബട്ട്‌ലറാണ് മാൻ ഒഫ് ദ മാച്ച്.

ബട്ട്ലറും യശ്വസി ജയ്സ്വാളും (12) ചേർന്നാണ് രാജസ്ഥാനായി ഓപ്പണിംഗിന് ഇറങ്ങിയത്.മൂന്നാം ഓവറിൽ റാഷിദ് ഖാൻ യശ്വസിയെ എൽ.ബിയിൽ കുരുക്കി മടക്കി അയച്ചു. തുടർന്ന് ക്രീസിൽ ഒരുമിച്ച സഞ്ജുവും ബട്ട്‌ലറും കൂട്ടിച്ചേർത്തത് 150 റൺസാണ്. ബട്ട്‌ലർ തകർത്താടിയപ്പോൾ പ്രോത്സാഹനം നൽകി കൂടെ നിൽക്കുകയായിരുന്നു സഞ്ജു.39 പന്തുകളിൽ അർദ്ധസെഞ്ച്വറി തികച്ച ബട്ട്‌ലർ ശേഷിച്ച 74 റൺസ് നേടിയത് 25 പന്തുകളിൽ നിന്നായിരുന്നു. 11ബൗണ്ടറികളും എട്ടു സിക്സുകളുമാണ് ബട്ട്‌ലറുടെ ബാറ്റിൽ നിന്ന് പറന്നത്. 33 പന്തുകളിൽ നാലു ഫോറും രണ്ട് സിക്സും പായിച്ച സഞ്ജു അർദ്ധസെഞ്ച്വറിക്ക് രണ്ട് റൺസകലെ വിജയ് ശങ്കറിന്റെ പന്തിൽ അബ്ദുൽ സമദിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്.

Advertisement
Advertisement