ഇടതിന് വോട്ട് വിഹിതത്തിൽ ഇടിവ്

Monday 03 May 2021 1:21 AM IST

കൊല്ലം: ജില്ലയിൽ ഇടത് മുന്നേറ്റമുണ്ടായെങ്കിലും എൽ.ഡി.എഫിന്റെ വോട്ട് വിഹിതം ഇടിഞ്ഞു. ജില്ലയിൽ ആകെ ലഭിച്ച വോട്ടും വോട്ടിന്റെ ശതമാനവും കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ്. അതേസമയം രണ്ട് സീറ്റുകളിൽ വിജയിച്ച് നില മെച്ചപ്പെടുത്തിയ യു.ഡി.എഫിന് ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തിലും വോട്ട് ശതമാനത്തിലും വർദ്ധനവുണ്ടായി.

എൽ.ഡി.എഫിന്റെ വോട്ട് ശതമാനം 2016ലെ 50.6 ശതമാനത്തിൽ നിന്ന് 46.17 ശമതാനത്തിലേക്ക് ഇടിഞ്ഞു. എന്നാൽ യു.ഡി.എഫിന്റെ വോട്ട് വിഹിതം 33.74ൽ നിന്ന് 39.86 ആയി ഉയർന്നു. ഇരവിപുരത്ത് മാത്രമാണ് എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ ലീഡ് ലഭിച്ചത്. എൽ.ഡി.എഫ് കഴിഞ്ഞ തവണ വിജയിച്ച രണ്ട് മണ്ഡലങ്ങളിൽ പരാജയപ്പെട്ടതിനൊപ്പം ഏഴിടത്തെ ഭൂരിപക്ഷം ഇടി‌ഞ്ഞു.

എൻ.ഡി.എ വോട്ടിൽ ചോർച്ച

ജില്ലയിൽ എൻ.ഡി.എ വോട്ട് വിഹിതം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനേക്കാൾ ഇടിഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും തുടരാനായില്ല. അതേസമയം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ മത്സരിച്ച ചാത്തന്നൂരിലും പുനലൂരിലും വലിയ മുന്നേറ്റം സൃഷ്ടിച്ചു. കരുനാഗപ്പള്ളി, കൊട്ടാരക്കര, കുണ്ടറ, കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറഞ്ഞു. ചവറ, കുന്നത്തൂർ, പത്തനാപുരം, ചടയമംഗലം എന്നീ മണ്ഡലങ്ങളിൽ നേരിയ വർദ്ധനവുണ്ടായി. കുന്നത്തൂരിൽ ആകെ പോൾ വോട്ടുമായി താരതമ്യം ചെയ്യുമ്പോൾ മുന്നേറ്റം ഉണ്ടായെന്ന് പറയാനാകില്ല. കുണ്ടറയിൽ എൻ.ഡി.എ വോട്ട് ചോർന്നതാണ് മേഴ്സിക്കുട്ടിഅമ്മയുടെ പരാജയത്തിൽ കലാശിച്ചതെന്നാണ് സൂചന

2016

ആകെ പോൾ ചെയ്ത വോട്ടുകൾ: 15,74,318

എൽ.ഡി.എഫ്: 7,96,711- 50.6 %

യു.ഡി.എഫ്: 5,31,189- 33.74%

എൻ.ഡി.എ: 2,07,291- 13.16%

2021

ആകെ പോൾ ചെയ്ത വോട്ടുകൾ 16,08,151

എൽ.ഡി.എഫ് 7,42,560 - 46.17 %

യു.ഡി.എഫ് 6,41,130 - 39.86 %

എൻ.ഡി.എ: 1,94,814 - 12.11 %

Advertisement
Advertisement