ജനസമ്മതം ഇടതുപക്ഷം

Monday 03 May 2021 1:40 AM IST
കൊല്ലം താന്നിയിൽ വിജയാഹ്ലാദം നടത്തുന്ന എൽ.ഡി.എഫ് പ്രവർത്തകർ

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇക്കുറിയും ആധിപത്യമുറപ്പിച്ച് ഇടതുമുന്നണി. ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിൽ ഒൻപത് സീറ്റുകൾ ഇടതുമുന്നണി നിലനിറുത്തി. കരുനാഗപ്പള്ളി, കുണ്ടറ സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു.

ഒരു സീറ്റുപോലും നേടാനാവാതെ ആർ.എസ്.പി ദയനീയമായി പരാജയപ്പെട്ടു. കുണ്ടറയിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയുടെ തോൽവി വിജയത്തിനിടയിലും ഇടതിന് കനത്ത പ്രഹരമായി. ചാത്തന്നൂരിൽ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബി.ജെ.പിക്ക് ജില്ലയിൽ അക്കൗണ്ട് തുറക്കാനായില്ല. സി.പി.ഐ ജില്ലയിൽ നാല് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഇതിൽ കരുനാഗപ്പള്ളിയിൽ ആർ. രാമചന്ദ്രൻ മാത്രമാണ് പരാജയപ്പെട്ടത്.
പുനലൂർ ഒഴികെ എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണിയുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പുനലൂരിലെ ഭൂരിപക്ഷം 35,000 കവിഞ്ഞു. ഇരവിപുരത്ത് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിറുത്താനായി.
ചവറയിൽ ഷിബു ബേബി ജോണിനെ പുതുമുഖമായ ഡോ. സുജിത്ത് വിജയൻപിള്ള പരാജയപ്പെടുത്തിയത് ആർ.എസ്.പി യെ ഞെട്ടിച്ചിട്ടുണ്ട്. കുന്നത്തൂരിൽ അഞ്ചാം തവണയും കോവൂർ കുഞ്ഞുമോൻ വിജയിച്ചു. എന്നാൽ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാലും പത്തനാപുരത്ത് കെ.ബി. ഗണേശ് കുമാറും ചടയമംഗലത്ത് ജെ. ചിഞ്ചുറാണിയും വിജയിച്ചു. മൂന്നിടത്തും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നേടാനായില്ല.

ചാത്തന്നൂരിൽ ഭൂരിപക്ഷം കുറഞ്ഞെങ്കിലും ജി.എസ്. ജയലാൽ മണ്ഡലം നിലനിറുത്തി. കൊവിഡ് സാഹചര്യത്തിൽ വിജയാഹ്ളാദ പ്രകടനങ്ങൾ നിരോധിച്ചതിനാൽ പ്രവർത്തകർ പടക്കം പൊട്ടിച്ചാണ് വിജയം ആഘോഷിച്ചത്.

 ഒറ്റനോട്ടത്തിൽ

1. മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയ്ക്ക് തോൽവി

2. രണ്ട് സീറ്റിലൊതുങ്ങി ഐക്യമുന്നണി
3. നിലം തൊടാതെ ആർ.എസ്.പി
4. മൂന്ന് സീറ്റ് നിലനിറുത്തി സി.പി.ഐ

5. ആഞ്ചാംതവണയും വിജയിച്ച് കുഞ്ഞുമോൻ
6. അക്കൗണ്ട് തുറക്കാതെ ബി.ജെ.പി

 കരുനാഗപ്പള്ളിയിലും കുണ്ടറയിലും അട്ടിമറി വിജയം


പരാജയത്തിനിടയിലും കരുനാഗപ്പള്ളിയിലും കുണ്ടറയിലും യു.ഡി.എഫിന് അട്ടിമറി വിജയം നേടാനായി. കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷ് 20,000 ലേറെ ഭൂരിപക്ഷം നേടി ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. കുണ്ടറയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയെ തറപറ്റിച്ചാണ് പി.സി. വിഷ്ണുനാഥ് വിജയിച്ചത്. കഴിഞ്ഞ തവണ 30,000 ലേറെ നേടിയ ഭൂരിപക്ഷമാണ് പി.സി. വിഷ്ണുനാഥ് തകർത്തത്. ഭൂരിപക്ഷം ആറായിരത്തിലേറെ നേടുകയും ചെയ്തു.

Advertisement
Advertisement