കുടുംബസമ്മേതം പിണറായി തലസ്ഥാനത്തെത്തി; പുതിയ മന്ത്രിസഭയ്‌ക്കായി തിരക്കിട്ട ചർച്ചകൾ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തി. കുടുംബസമ്മേതം ആയിരുന്നു രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അദ്ദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചേർന്നത്. മുഖ്യമന്ത്രിയ്‌ക്ക് ഒപ്പം ആരോഗ്യമന്ത്രി കെ കെ ശൈലജ, ഇ പി ജയരാജൻ, ഗോവിന്ദൻ മാസ്റ്റർ അടക്കമുളള നേതാക്കളും തിരുവനന്തപുരത്ത് എത്തിച്ചേർന്നിട്ടുണ്ട്.
സമാനതകളില്ലാത്ത ചരിത്രവിജയം എൽ ഡി എഫിന് നേടിക്കൊടുത്ത ശേഷമാണ് പിണറായി തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. സെഞ്ച്വറിക്ക് ഒരു സീറ്റ് കുറഞ്ഞെങ്കിലും 2016നെക്കാളും പകിട്ടുണ്ട് ഇത്തവണത്തെ എൽ ഡി എഫ് വിജയത്തിന്. തിരിച്ചടി ആശങ്കപ്പെട്ട പല ജില്ലകളും അനായാസം കടന്നു കൂടി. ഇടതുമുന്നണിയിൽ രണ്ടാം കക്ഷിയായ സി പി ഐയേക്കാൾ മൂന്നിരട്ടി വ്യത്യാസത്തിൽ കരുത്തോടെയാണ് സി പി എം വിജയിച്ച് കയറിയത്.
രാവിലെ നിലവിലെ മന്ത്രിസഭയുടെ അവസാന യോഗം ചേരും. അതിനു ശേഷമാകും രാജ്‌ഭവനിലെത്തി മുഖ്യമന്ത്രി രാജിക്കത്ത് നൽകുക. പുതിയ മന്ത്രിസഭയിൽ മുതിർന്ന നേതാക്കളായ എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ രാധാകൃഷ്‌ണൻ എന്നിവർ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. നാളെ ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക.