പത്തരമാറ്റോടെ പത്തുമണി

Monday 03 May 2021 12:05 PM IST

വെള്ള, മഞ്ഞ്, ചുവപ്പ്, പിങ്ക് തുടങ്ങി പല നിറങ്ങളിലും ആകൃതിയിലും നിറഞ്ഞു പൂക്കുന്ന പത്തുമണിപ്പൂക്കൾ. ചെടികളെയും പൂക്കളെയും ഇഷ്‌ടപ്പെടുന്നവർക്ക് പത്തുമണിയെ മാറ്റിനിറുത്താനാകില്ല. കാര്യമായ ഒരു പരിചരണവും വേണ്ടയെന്നതും ഇവയുടെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നു. നല്ല സൂര്യപ്രകാശം ലഭിച്ചാൽ കാര്യമായി വളരുന്ന ചെടിയാണ് പത്തുമണി. തറയിലും ഗ്രോബാഗുകളിലും ചട്ടികളിലും എന്തിന് ഉപയോഗശൂന്യാമായ ചെറിയ ടിന്നുകളിലും പ്ലാസ്റ്റിക് കുപ്പികളിലും ടയറുകളിലും ഹെൽമറ്റിലും വരെ ഇവ സ്ഥാനം പിടിച്ചു കഴിഞ്ഞു.
കല്ലുകൾ നീക്കിയ മണ്ണ്, മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ പോട്ടിംഗ് മിശ്രിതമായി എടുത്തുവേണം പത്തുമണി ചെടികൾ നടേണ്ടത്. നടാനെടുക്കുന്ന വസ്‌തുക്കളിൽ ദ്വാരങ്ങൾ ഇടാൻ മറക്കരുത്. അമിതമായ വെള്ളം താഴേക്ക് പോകാൻ ദ്വാരങ്ങൾ നിർബന്ധമാണ്. ഇല്ലെങ്കിൽ ചെടികൾ ചീഞ്ഞു പോകും. അതുപോലെ, വെള്ളം നനയ്‌ക്കുന്നതിലും കാര്യമായ ശ്രദ്ധ വേണം. ചെറിയ നനവ് മതി. ചെടി ഒടിച്ച് നട്ടുപിടിപ്പ് തൈകളെടുക്കുകയോ വിത്തുകൾ വാങ്ങി നട്ട് വളർത്തുകയോ ചെയ്യാം. ചെടി ഒടിച്ചെടുത്ത് നടുകയാണെങ്കിൽ കരുത്തുള്ള തണ്ടുകൾ വേണം നടാനായി തിരഞ്ഞെടുക്കേണ്ടത്. ഒരാഴ്‌ചയ്‌ക്കുള്ളിൽ തന്നെ ചെടികളിൽ വേര് പിടിച്ച് തുടങ്ങും. പത്തുമണിയുടെ വളർച്ചയ്‌ക്ക് രാവിലത്തെ വെയിലാണ് അഭികാമ്യം. അതുകൊണ്ട് തണൽപ്രദേശങ്ങളിൽ നട്ടവയെ രാവിലത്തെ സൂര്യപ്രകാശം കൊള്ളിക്കാനായി മാറ്റിവയ്‌ക്കാവുന്നതാണ്..
പൂവിന്റെ എണ്ണം കുറയുകയും ചെടിയുടെ നീളം കുടൂകയും ചെയ്യുന്ന മുറയ്‌ക്ക് തണ്ടുകൾ മുറിച്ച് മാറ്റി നടണം. അതുകൂടുതൽ പൂവുകളുണ്ടാകാൻ സഹായിക്കും. ഇടയ്‌ക്ക് മുട്ടത്തോട് വളമായി കൊടുക്കാവുന്നതാണ്. അതുപോലെ, ചാണകവും ചുവട്ടിലിട്ട് കൊടുക്കാം. കാര്യമായ കീടശല്യങ്ങളുണ്ടാകാത്ത ചെടിയാണ് പത്തുമണി.

Advertisement
Advertisement