കിച്ചുവിന്റെ മണ്ഡലം അദ്ദേഹത്തെ അർഹിക്കുന്നില്ല, ഭർത്താവിനെയോർത്ത് അഭിമാനിക്കുന്നുവെന്ന് കൃഷ്‌ണകുമാറിന്റെ ഭാര്യ സിന്ധു

Monday 03 May 2021 12:55 PM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഭർത്താവും നടനുമായ കൃഷ്‌ണകുമാറിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഭാര്യ സിന്ധു കൃഷ്‌ണ. കൃഷ്‌ണകുമാർ കഴിവിന്റെ പരമാവധി പരിശ്രമിച്ചെന്നും ഭർത്താവിനെയോർത്ത് അഭിമാനിക്കുന്നെന്നും സിന്ധു കുറിച്ചു. കൃഷ്‌ണകുമാറിന്റെ മണ്ഡലം അദ്ദേഹത്തെ അർഹിക്കുന്നില്ലെന്നാണ് പരാജയത്തോടുളള സിന്ധുവിന്റെ പ്രതികരണം.

കന്നി അങ്കത്തിലെ തോൽവി അംഗീകരിക്കുന്നെന്ന് കൃഷ്‌ണകുമാർ എഴുതിയ കുറിപ്പ് പങ്കുവച്ചായിരുന്നു ഭാര്യയുടെ പ്രതികരണം. അച്ഛന്റെ തോൽവി ആഘോഷിക്കുന്നവർക്കെതിരെ മകൾ ദിയ കൃഷ്‌ണയും രംഗത്തെത്തി. ജയിച്ചവർ അവരുടെ ജയം ആഘോഷിക്കുന്നതിന് പകരം മറ്റൊരാളുടെ പരാജയത്തെ കുറിച്ചാണ് അഭിപ്രായം പറയുന്നതെന്ന് ദിയ ചൂണ്ടിക്കാട്ടി. ആളുകൾക്ക് ഇത്രയം തരംതാഴാൻ കഴിയുമോയെന്നും ദിയ ചോദിച്ചു.

തിരുവനന്തപുരത്ത് 7,146 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയായ ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജു വിജയിച്ചത്. നിലവിലെ എം എൽ എ ആയ കോൺഗ്രസിന്റെ വി എസ് ശിവകുമാറിനെ പരാജയപ്പെടുത്തി അദ്ദേഹം നേടിയ അട്ടിമറി വിജയത്തിൽ കൃഷ്‌ണകുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെടുകയായിരുന്നു.