രാജിക്കൊരുങ്ങി കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി

Monday 03 May 2021 10:44 PM IST

കണ്ണൂർ : തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി കെ.പി.സി.സി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. പുതിയ ഡി.സി.സി ഓഫീസിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ സ്ഥാനം ഒഴിയുമെന്നാണ് സൂചന. കെ. സുധാകരൻ എം.പിയായതോടെയാണ് പാച്ചേനി ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. നേരത്തെ എ ഗ്രൂപ്പ് പ്രതിനിധിയായിരുന്ന പാച്ചേനി പിന്നീട് സുധാകര വിഭാഗത്തിലേക്ക് ചേക്കേറുകയായിരുന്നു. 1745 വോട്ടിനാണ് പാച്ചേനി കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളിയോട് പരാജയപ്പെട്ടത്. അതേസമയം കണ്ണൂർ ജില്ലയിലെ തിര‌ഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോൺഗ്രസിൽ പോര് തുടങ്ങിയിട്ടുണ്ട്. ധർമ്മടം മണ്ഡലം സ്ഥാനാർത്ഥി സി. രഘുനാഥ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ചു. മുല്ലപ്പള്ളി സ്ഥാനമൊഴിയണമെന്നും അല്ലെങ്കിൽ പിടിച്ച് പുറത്താക്കണമെന്നും രഘുനാഥ് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരനെ കൊണ്ടുവന്നാൽ മാത്രമെ കോൺഗ്രസിന് പിടിച്ചുനിൽക്കാൻ കഴിയുകയുള്ളുവെന്നും രഘുനാഥ് പറഞ്ഞു. എന്നാൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൂടിയായ കെ. സുധാകരൻ പ്രതികരിച്ചില്ല.

Advertisement
Advertisement