കോൺഗ്രസിലും ബി.ജെ.പിയിലും കൂട്ടയടിക്ക് വിസിൽ... തോൽവിത്തല്ല്

Tuesday 04 May 2021 5:10 AM IST

 ബി.ജെ.പി യു.ഡി.എഫിന് വോട്ടുകച്ചവടം നടത്തിയെന്ന് മുഖ്യമന്ത്രി

 കോൺഗ്രസിൽ നേതൃമാറ്റ ആവശ്യവുമായി മുതിർന്ന നേതാക്കൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ആഘാതത്തിൽ ആസകലം പരിക്കേറ്റ കോൺഗ്രസിലും ബി.ജെ.പിയിലും പഴിചാരലിന്റെയും പരസ്യ വിഴുപ്പലക്കിന്റെയും കലഹമൂർച്ഛ. പരാജയത്തിന്റെ പേരിൽ രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഉന്നമിട്ട് നേതൃമാറ്റ മുറവിളി ശക്തമാകുന്നതിനിടെ, സ്ഥാനത്യാഗത്തിന് ഇരുവരും മാനസികമായി തയ്യാറെടുത്തതായാണ് സൂചന. നേതൃത്വത്തിനു മേൽ സമ്മർദ്ദമേറ്റി പാർട്ടി ജില്ലാ ഘടകങ്ങളിൽ രാജിയുടെ കൂട്ടമണി മുഴങ്ങുകയും ചെയ്യുന്നു.

അതിനിടെ, ബി.ജെ.പി പല മണ്ഡലങ്ങളിലും യു.ഡി.എഫിന് വോട്ടുകച്ചവടം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കണക്കുകൾ സഹിതം ആരോപണമുന്നയിച്ചത് ഇരുകക്ഷികളെയും പ്രതിരോധത്തിലാക്കി. ഇത്തവണ ബി.ജെ.പിക്ക് നാലേകാൽ ലക്ഷത്തിലധികം വോട്ട് കുറഞ്ഞത് ഈ കച്ചവടം മൂലമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആക്ഷേപം.

ഇതു ശരിവച്ച്, തൃപ്പൂണിത്തുറയിലെ ബി.ജെ.പി സ്ഥാനാർത്ഥിയും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. കെ.എസ്. രാധാകൃഷ്ണൻ രംഗത്തെത്തി എരിതീയിൽ ആവോളം എണ്ണ പകരുകയും ചെയ്തു. ഇതോടെ, വോട്ടുകച്ചവട വിവാദം വരുംദിവസങ്ങളിൽ ബി.ജെ.പിയിലും കോൺഗ്രസിലും തുടർഭൂകമ്പങ്ങൾക്കു വഴിയൊരുക്കുമെന്ന് തീർച്ചയായി.

നാല്പത്തിയൊന്നു സീറ്റ് എന്ന ദയനീയസ്ഥിതിയിലേക്ക് യു.ഡി.എഫിന് ഒതുങ്ങേണ്ടി വന്നതിന്റെ പാപഭാരമേറ്റ്, പുതിയ നിയമസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കാൻ രമേശ് ചെന്നിത്തല തയ്യാറാകില്ലെന്ന് സൂചനയുണ്ട്. എന്നാൽ, ഹൈക്കമാൻഡ് നിർദ്ദേശമനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ അഖിലേന്ത്യാ നേതൃത്വത്തിന് കൈമാറിയ സന്ദേശമെന്നറിയുന്നു.

കോൺഗ്രസിലും യു.ഡി.എഫിലും നേതൃത്വത്തിനെതിരെ പടയൊരുക്കം മുറുകവേ, കെ. ബാബുവിനു പിന്നാലെ ഇന്നലെ കൂടുതൽ നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. എന്നാൽ, നേരത്തെ നിരന്തരം പരസ്യവിമർശനത്തിന് മുതിരുമായിരുന്ന കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരനും, നേമത്ത് പരാജിതനായ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരനും അർത്ഥഗർഭമായ മൗനത്തിലുമാണ്. കെ.പി.സി.സി നേതൃയോഗം വിളിച്ചുചേർത്ത് പരാജയകാരണം ചർച്ച ചെയ്യണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ് അടക്കമുള്ള ഭാരവാഹികളും ആവശ്യപ്പെടുന്നു.

ജില്ലകളിൽ നിന്ന്

രാജി പരമ്പര

തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അമ്പലപ്പുഴയിൽ സ്ഥാനാർത്ഥി കൂടിയായിരുന്ന ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം. ലിജു രാജിവച്ചു. കണ്ണൂർ, ഇടുക്കി ഡി.സി.സി പ്രസിഡന്റുമാരായ സതീശൻ പാച്ചേനിയും ഇബ്രാഹിംകുട്ടി കല്ലാറും രാജിസന്നദ്ധത അറിയിച്ചു. വയനാട്ടിൽ ജയലക്ഷ്മിയുടെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.ഡി.സി ജനറൽ സെക്രട്ടറി എം.ജി.ബിജു, സെകട്ടറിമാരായ കമ്മന മോഹനൻ, എം. വേണുഗോപാൽ എന്നിവർ സ്ഥാനമൊഴിഞ്ഞു. തൃശൂർ ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സേവ് കോൺഗ്രസ് ഫോറം സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിച്ചു. പി.ടി. തോമസും ഷാനിമോൾ ഉസ്മാനും പത്മജയും തിരുവഞ്ചൂർ രാധാകൃഷ്ണനും ഇന്നലെ പരസ്യ വിമർശനങ്ങളുമായെത്തി.

രമേശിനു പകരം

ആരാകും?

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനമൊഴിഞ്ഞാൽ പകരം ഐ ഗ്രൂപ്പിൽ നിന്ന് വി.ഡി. സതീശന്റെ പേരാണ് ഉയരുന്നത്. മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനു വേണ്ടിയും ആവശ്യമുയരുന്നു. നിലവിൽ ഐ ഗ്രൂപ്പിനാണ് പ്രതിപക്ഷനേതൃസ്ഥാനം. തിരുവഞ്ചൂർ എ ഗ്രൂപ്പാണ്. പിരിച്ചുവിടപ്പെടുന്ന നിയമസഭയിൽ ഐ ഗ്രൂപ്പിനായിരുന്നു മേൽക്കൈ. പുതിയ സഭയിലേക്ക് ജയിച്ചവരിൽ 12 പേർ ഐ ഗ്രൂപ്പും 10 പേർ എ ഗ്രൂപ്പുമാണെന്നാണ് പറയുന്നത്.

Advertisement
Advertisement