പിൻഗാമികളെ പ്രഖ്യാപിച്ച് ബഫറ്റ്; ഗ്രെഗ് ആബേലും അജിത് ജെയിനും

Tuesday 04 May 2021 12:00 AM IST

ന്യൂഡൽഹി: ലോകത്തെ ഏറ്റവും സമ്പന്നരിൽ മുൻനിരക്കാരനും പ്രമുഖ അമേരിക്കൻ മൾട്ടി-ഇൻഡസ്‌ട്രി കമ്പനിയായ ബെർക്ക്ഷെയർ ഹാത്ത് ഏവേയുടെ ചെയർമാനും സി.ഇ.ഒയുമായ വാറൻ ബഫറ്റ് പിൻഗാമികളെ പ്രഖ്യാപിച്ചു. അതേസമയം, ചുമതലകളിൽ നിന്ന് എന്ന് പിൻവാങ്ങുമെന്ന് 90കാരനായ ബഫറ്റ് വ്യക്തമാക്കിയില്ല.

''ഈ രാത്രിയിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, നാളെ രാവിലെ ഒരാൾ കമ്പനിയുടെ നേതൃത്വം ഏറ്റെടുക്കണമല്ലോ. കമ്പനിയുടെ നോൺ-ഇൻഷ്വറൻസ് ബിസിനസുകളുടെ മേധാവിയായ ഗ്രെഗ് ആബേലായിരിക്കണം ആ ആളെന്ന് ഡയറക്‌ടർമാർ തീരുമാനിച്ചിട്ടുണ്ട്"", സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ ബഫറ്റ് പറഞ്ഞു. ആബേലിന് എന്തെങ്കിലും സംഭവിച്ചാൽ ഇൻഷ്വറൻസ് ബിസിനസുകളെ മേധാവിയും ഇന്ത്യൻ വംശജനുമായ അജിത് ജെയിൻ ചുമതലകൾ ഏറ്റെടുക്കുമെന്നും ബഫറ്റ് പറഞ്ഞു.

ആബേലും ജെയിനും 2018 മുതൽ കമ്പനിയുടെ വൈസ് ചെയർമാൻമാരുമാണ്. ഇൻഷ്വറൻസ്, റീട്ടെയിൽ, എയർലൈൻ തുടങ്ങി ഒട്ടേറെ ബിസിനസുകളിൽ സാന്നിദ്ധ്യമുള്ള സ്ഥാപനമാണ് ബെർക്ക്ഷെയർ ഹാത്ത് എവേ. ഫോബ്‌സിന്റെ ശതകോടീശ്വര പട്ടിക പ്രകാരം നിലവിൽ ആറാംസ്ഥാനത്താണ് ബഫറ്റുള്ളത്. 20 വർഷത്തിനിടെ ആദ്യമായാണ് അദ്ദേഹം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നിന്ന് പുറത്താവുന്നത്.

Advertisement
Advertisement