വോട്ട് കച്ചവടം നടന്നെന്ന് ബി.ജെ.പി സ്ഥാനാർത്ഥി

Tuesday 04 May 2021 12:55 AM IST

കൊച്ചി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ, തന്റെ മണ്ഡലത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത് പലയിടത്തും വോട്ട് കച്ചവടം നടന്നെന്ന ആരോപണവുമായി തൃപ്പൂണിത്തുറയിലെ ബി.ജെ.പി സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ. സംസ്ഥാന വൈസ് പ്രസിഡന്റും അറിയപ്പെടുന്ന സുരേന്ദ്രൻപക്ഷ നേതാവുമാണ് കെ.എസ്.രാധാകൃഷ്ണൻ.

യു.ഡി.എഫ് സ്ഥാനാർത്ഥി കെ ബാബുവിന് വോട്ട് മറിച്ചുനൽകാൻ ചില ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ മൂന്ന് മാസം മുമ്പ് തന്നെ ഡീൽ ഉണ്ടാക്കിയെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ഇല്ലായിരുന്നെങ്കിൽ തൃപ്പൂണിത്തുറയിൽ താൻ വിജയിക്കുമായിരുന്നു. ഇപ്പോൾ കിട്ടിയ വോട്ട് താൻ നടന്ന് നേടിയതാണ്. 35000 വോട്ടെങ്കിലും ഇവരുടെ ശ്രമഫലമായി നഷ്ടമായി. തൃപ്പൂണിത്തുറയിൽ ബാബു മത്സരിക്കാൻ തീരുമാനിച്ച ഉടനെയായിരുന്നു ഡീൽ. ഇതിന്റെ ബലത്തിലാണ് ബാബു ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന് പരസ്യമായി പറഞ്ഞത്.

പാലായിൽ മാണി. സി. കാപ്പനും കുണ്ടറയിൽ വിഷ്ണുനാഥിനും ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്‌ക്കുമൊക്കെ വോട്ടുകൾ മറിച്ചുനൽകിയിട്ടുണ്ട്. പാർട്ടി നേതൃത്വത്തിന് പരാതി നൽകുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.

'ബി.ജെ.പിക്ക് വോട്ട് ചെയ്ത് സി.പി.എമ്മിനെ വിജയിപ്പിക്കരുതെന്ന്' തൃപ്പൂണിത്തുറയിൽ ശബരിമല കർമസമിതിയുടെ പേരിൽ പോസ്റ്ററുകൾ ഒട്ടിച്ചത് കർമസമിതിയുടെ ആളുകൾ തന്നെയാണ്. താൻ പരാതി നൽകി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തതോടെ അവർ പെട്ടിരിക്കുകയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.

Advertisement
Advertisement