സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല, അദ്ദേഹം ആക്രമിക്കപ്പെടുന്നത് ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദമായതുകൊണ്ടെന്ന് മുരളീധരൻ

Tuesday 04 May 2021 12:27 PM IST

തിരുവനന്തപുരം: വിജയലഹരിയിൽ എൻഎസ്എസിനുമേൽ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും, ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദമായതിനാലാണ് അദ്ദേഹം ആക്രമിക്കപ്പെടുന്നതെന്നും മുരളീധരൻ വിമർശിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുരളീധരൻ രംഗത്തെത്തിയിരിക്കുന്നത്. ആചാരങ്ങൾക്കും മേൽ വരാനിരിക്കുന്ന കടന്നാക്രമണങ്ങളുടെ തുടക്കമാണ് സുകുമാരൻ നായരുടെ മേൽ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെടുന്നത് മഹാപാതകമായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വിജയലഹരിയിൽ എൻഎസ്എസിനുമേൽ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല... ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരൻ നായർ ആക്രമിക്കപ്പെടുന്നത്...

ശ്രീ സുകുമാരൻ നായരടക്കം ആർക്കും രാഷ്ട്രീയ നിലപാടുകൾ പറയാൻ സ്വാതന്ത്ര്യവും അവകാശവുമുള്ള രാജ്യമാണ് ഇന്ത്യ. ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെടുന്നത് മഹാപാതകമായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ കടകംപ്പള്ളിയുടെയും മറ്റ് നേതാക്കളുടെയും മാപ്പപേക്ഷയും മുതലക്കണ്ണീരും വഞ്ചനയായിരുന്നു എന്നതിൻ്റെ തെളിവാണ് എൻഎസ്എസിനു മേലുള്ള ആക്രമണം. സാമുദായിക ചേരിതിരിവുണ്ടാക്കിയാണ് ഇടതു വിജയമെന്ന യാഥാർഥ്യം എല്ലാവർക്കുമറിയാം...

തീവ്ര മുസ്ലീം ജിഹാദി സംഘടനകളുടെ രാഷ്ട്രീയ, സാമ്പത്തിക പിന്തുണയിൽ നേടിയ വിജയം സിപിഎമ്മിനെ ലഹരിപിടിപ്പിച്ചിരിക്കുന്നു.... ഹൈന്ദവ വിശ്വാസികൾക്കും ആചാരങ്ങൾക്കും മേൽ വരാനിരിക്കുന്ന കടന്നാക്രമണങ്ങളുടെ തുടക്കമാണ് സുകുമാരൻ നായരുടെ മേൽ നടത്തുന്നത്. ഇത് തുറന്നു പറയുന്ന എന്നെ വർഗീയ വാദിയായി ചിത്രീകരിക്കാൻ മുന്നിട്ടിറങ്ങുന്നത്

കോൺഗ്രസായിരിക്കുമെന്നും അറിയാം. കാലങ്ങളായി പാലു കൊടുത്ത കയ്യിൽ ചിലർ കടിച്ചതാണ് കേരളത്തിലെ ദയനീയ പരാജയത്തിന് കാരണമെന്ന് കോൺഗ്രസും തിരിച്ചറിയണം... ഇനിയെങ്കിലും മുസ്ലീം സഹോദരങ്ങളെ വോട്ട് ബാങ്കായി മാത്രം കാണുന്ന വിഷലിപ്ത രാഷ്ട്രീയം അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയാറാവണം

Advertisement
Advertisement