സൗദിയോടുള്ള പരിഭവം ഇന്ത്യ തീർത്തത്  ഇറാക്കിൽ നിന്നും ക്രൂഡോയിൽ വാങ്ങി, ഒപെക്കിനെ ഇന്ത്യ കൈവിട്ടപ്പോൾ കോളടിച്ചത് രണ്ട് രാജ്യങ്ങൾക്ക്

Tuesday 04 May 2021 2:29 PM IST

ന്യൂഡൽഹി: സൗദി അറേബ്യ നയിക്കുന്ന, ക്രൂഡോയിൽ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ (ഓർഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്സ്‌പോർട്ടിംഗ് കൺട്രീസ്) നിന്ന് ഇറക്കുമതി വെട്ടിക്കുറയ്ക്കുന്ന നടപടി ഊർജിതമാക്കി ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വർഷം (2020- 21) ഒപെക്കിൽ നിന്നുള്ള ഇറക്കുമതി രണ്ടുദശാബ്ദക്കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി.

2019 - 20നെ അപേക്ഷിച്ച് 11.8 ശതമാനം കുറവോടെ പ്രതിദിനം 3.97 ദശലക്ഷം ബാരൽ ക്രൂഡോയിലാണ് കഴിഞ്ഞവർഷം ഇന്ത്യ ആകെ വാങ്ങിയത്. ആറുവർഷത്തെ ഏറ്റവും താഴ്ന്ന ഇറക്കുമതിയാണിത്. ഇതിൽ, ഒപെക്കിൽ നിന്നുള്ള ഇറക്കുമതി പ്രതിദിനം 2.86 ദശലക്ഷം ബാരലായിരുന്നു. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയിൽ ഒപെക്കിന്റെ വിഹിതം ഇതോടെ 80 ശതമാനത്തിൽ നിന്ന് 72 ശതമാനത്തിലേക്ക് കുറഞ്ഞു. 2001 - 02ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിഹിതമാണിത്.

അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നാണ് കഴിഞ്ഞവർഷം ഇന്ത്യ ഇറക്കുമതി കൂട്ടിയത്. ഒപെക്കിൽ നിന്നുള്ളതിനേക്കാൾ മികച്ച ലാഭമാർജിനിൽ ഈ രാജ്യങ്ങളുടെ എണ്ണ ലഭിക്കുന്നുമുണ്ട്. ഈ രാജ്യങ്ങളിലെ ക്രൂഡോയിൽ ഗ്രേഡിന് (നിലവാരം) അനുസൃതമായി ഇന്ത്യൻ എണ്ണക്കമ്പനികൾ പ്ലാന്റുകൾ നവീകരിച്ചിട്ടുമുണ്ട്. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി 4.5 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനത്തിലേക്കും കനേഡിയൻ എണ്ണ വാങ്ങൽ 0.60 ശതമാനത്തിൽ നിന്ന് 1.3 ശതമാനത്തിലേക്കുമാണ് ഇന്ത്യ കൂട്ടിയത്.

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയായ ഇന്ത്യ, ലോകത്ത് ക്രൂഡോയിൽ ഇറക്കുമതിയിലും മൂന്നാംസ്ഥാനത്താണ്. കൊവിഡും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും മൂലം 2020 - 21ൽ ഇന്ത്യയിലെ ഇന്ധന (പെട്രോൾ, ഡീസൽ, വ്യോമ ഇന്ധനം, എൽ.പി.ജി) ഉപഭോഗം 2016 - 17ന് ശേഷമുള്ള ഏറ്റവും താഴ്ചയിലെത്തിയിരുന്നു. 23 വർഷത്തിനിടെ രാജ്യത്ത് ഇന്ധന ഡിമാൻഡ് ഇടിഞ്ഞതും ആദ്യമാണ്.

സൗദിയോട് പരിഭവം

കൊവിഡിൽ ആഗോളതലത്തിൽ സാമ്പത്തിക ഞെരുക്കം ദൃശ്യമായതിനാൽ, ഉത്പാദനം വെട്ടിക്കുറച്ച് എണ്ണവില വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സൗദിയും സഖ്യ രാഷ്ട്രങ്ങളും പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതംഗീകരിക്കില്ലെന്നും 2020 ഏപ്രിലിലെ ലോക്ക്ഡൗണിൽ ഇന്ത്യ കുറഞ്ഞവിലയ്ക്ക് വാങ്ങിസംഭരിച്ച എണ്ണ ഇപ്പോൾ ഉപയോഗിക്കാമല്ലോ എന്നുമായിരുന്നു സൗദിയുടെ മറുപടി. ഇതിനു പിന്നാലെയാണ് സൗദി നയിക്കുന്ന ഒപെക്കിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ കുറച്ചത്.

6 വർഷം

ആഭ്യന്തര ഉപഭോഗം ഇടിഞ്ഞതിനാൽ കഴിഞ്ഞവർഷം ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ആറുവർഷത്തെ താഴ്ചയിലെത്തി.

23 വർഷം

രാജ്യത്ത് ഇന്ധന ഉപഭോഗം കഴിഞ്ഞവർഷം 201617ന് ശേഷമുള്ള കുറഞ്ഞ നിരക്കിലെത്തി. ഉപഭോഗം കുറയുന്നത് 23 വർഷത്തിന് ശേഷം ആദ്യം.

ഒന്നാമൻ ഇറാക്ക്

ഇന്ത്യയിലേക്ക് ഏറ്റവുമധികം ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നത് ഇറാക്കാണ്. സൗദി അറേബ്യ, യു.എ.ഇ., നൈജീരിയ, വെനസ്വേല, അമേരിക്ക എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്. 2019 - 20ൽ അമേരിക്ക ഏഴാമതായിരുന്നു. വെനസ്വേലയെ നൈജീരിയ നാലാംസ്ഥാനത്തേക്കും പിന്തള്ളി.

Advertisement
Advertisement