വോട്ട് ചോർച്ചയിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അന്വേഷണം വേണം; നേതൃമാറ്റത്തിൽ ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കണമെന്ന് കെ എസ് രാധാകൃഷ്‌ണൻ

Tuesday 04 May 2021 2:48 PM IST

കൊച്ചി: ബി ജെ പിയുടെ വോട്ടുചോർച്ചയിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി തൃപ്പൂണിത്തുറയിലെ എൻ ഡി എ സ്ഥാനാർത്ഥിയും പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് രാധാകൃഷ്‌ണൻ. വോട്ടു ചോർച്ചയെപ്പറ്റി ഗൗരവമായ അന്വേഷണം വേണം. തൃപ്പൂണിത്തുറയിൽ ബി ജെ പി വോട്ട് യു ഡി എഫിന് കിട്ടിയിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ കിട്ടിയ വോട്ടുകൾ താൻ തെണ്ടിപെറുക്കി ഉണ്ടാക്കിയതാണെന്നും രാധാകൃഷ്‌ണൻ പറഞ്ഞു.

വോട്ട് ചോർച്ചയിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അന്വേഷണം വേണം. തിരഞ്ഞെടുപ്പിനെ നേരിടാൻ ബി ജെ പിയിൽ മുന്നൊരുക്കമുണ്ടായിരുന്നില്ല. വോട്ട് കൂടിയെങ്കിലും മഞ്ചേശ്വരത്തേത് തോൽവി തന്നെയാണ്. നേതൃമാറ്റത്തിൽ ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി വോട്ടുകൾ കിട്ടുമെന്ന കെ ബാബുവിന്റെ പരസ്യ പ്രസ്‌താവന മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ വോട്ടുകൾ ചോർന്നെങ്കിൽ താൻ അതിന് കൂട്ട് നിന്നിട്ടില്ലെന്നും രാധാകൃഷ്‌ണൻ കൂട്ടിച്ചേർത്തു.