'വോട്ട് വി‌റ്റ പണം പോയത് എകെജി സെന്ററിലേക്കോ ധർമ്മടത്തേക്കോ?'; മുഖ്യമന്ത്രിയുടെ വോട്ട്കച്ചവടം ആരോപണം തള‌ളി ബിജെപി, തോൽവിയുടെ ഉത്തരവാദിത്വം തനിക്കെന്ന് കെ സുരേന്ദ്രൻ

Tuesday 04 May 2021 3:50 PM IST

കോഴിക്കോട്: സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 2016 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് വോട്ട് കുറഞ്ഞു. പാർട്ടിക്ക് സംഭവിച്ച തോൽവിയുടെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന അദ്ധ്യക്ഷനായ തനിക്കാണെന്നും തോൽവിയെ സംബന്ധിച്ചുള‌ള കാര്യങ്ങൾ കേന്ദ്ര ഘടകത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയ്‌ക്ക് വോട്ട് കുറഞ്ഞു എന്നഭിപ്രായപ്പെടുന്ന ഇടത് മുന്നണിയ്‌ക്ക് 2016 തിരഞ്ഞെടുപ്പിനെക്കാൾ 8 ശതമാനം വോട്ട് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കുറഞ്ഞു. ഈ വോട്ട് സിപിഎം വി‌റ്റോയെന്നും അതിന്റെ പണം എ‌കെ‌ജി സെന്ററിലേക്കോ അതോ ധർമ്മടത്തേക്കാണോ പോയതെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു.

തൃപ്പൂണിത്തുറ, കുണ്ടറ, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ ഇത്തവണ ഇടത് മുന്നണിക്ക് വോട്ട് കുറഞ്ഞുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് വോട്ട് കച്ചവടം എന്ന ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സെക്രട്ടറിയല്ലെന്ന് ഓർക്കണമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ ഇടത് മുന്നണിയ്‌ക്ക് കുറഞ്ഞ വോട്ടുകൾ എല്ലാം എൽഡിഎഫ് രാഹുൽ ഗാന്ധിയ്‌ക്ക് വി‌റ്റതല്ലേയെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു. ബിജെപിയ്‌ക്ക് വിജയസാദ്ധ്യതയുള‌ള മണ്ഡലങ്ങളിൽ ഇടത് മുന്നണിയ്‌ക്ക് വോട്ട് കുറഞ്ഞിട്ടുണ്ട്.

നേമത്ത് എസ്‌ഡിപിഐയുടെ സഹായം ലഭിച്ചെന്ന് മുഖ്യമന്ത്രിയും ശിവൻകുട്ടിയും നിഷേധിച്ചിട്ടില്ല. എൽഡിഎഫിന്റെ ഘടക കക്ഷിയായ ശ്രേയാംസ്‌കുമാർ മത്സരിച്ച കൽപ‌റ്റയിൽ മുസ്ളീംവോട്ടുകളെല്ലാം ടി.സിദ്ദിഖിന് പോയിട്ടുണ്ട്. ഇവിടെ 25,000 വോട്ടിനെങ്കിലും ശ്രേയാംസ്‌കുമാർ ജയിക്കേണ്ടതായിരുന്നുവെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഷാഫി പറമ്പിലും, സിദ്ദിഖും, എ.കെ.എം അഷ്‌റഫും ജയിച്ചപ്പോഴും സന്തോഷിച്ചത് കോൺഗ്രസുകാർ മാത്രമല്ല. പല ഇടത് അനുകൂല പ്രവർത്തകരും സൈബർ ഇടങ്ങളിൽ ഇവരുടെ വിജയത്തിൽ സന്തോഷിച്ചു. ലീഗുകാർ മത്സരിക്കാത്തയിടത്തെല്ലാം മുഴുവൻ വർഗീയ ശക്തികളും സിപിഎമ്മിന് വോട്ടുചെയ്‌തുവെന്നും സുരേന്ദ്രൻ പറഞ്ഞു.

സുകുമാരൻ നായർക്കെതിരായുള‌ള ആരോപണം പോലെ തിരഞ്ഞെടുപ്പിൽ പാർട്ടിയെ സഹായിക്കാത്തവർക്കെല്ലാം ലക്ഷ്യം വച്ചുള‌ള ആക്രമണം നടക്കുന്നു. തിരഞ്ഞെടുപ്പിൽ സഹായിക്കാത്തവരെ ഭീഷണിപ്പെടുത്താൻ പല പാർട്ടി നേതാക്കളും തയ്യാറാകുന്നുവെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. ലൗജിഹാദിനെതിരെ പറഞ്ഞ ജോസ് കെ മാണിയ്‌ക്കും പി.സി ജോർജിനും സംഭവിച്ചത് കാണാതെ കോൺഗ്രസ് പോയാൽ അവരുടെ പതനം വലുതാകുമെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. സ്വന്തം കാലിൻ ചുവട്ടിലെ മണ്ണ് എവിടേക്കാണ് ഒലിച്ച് പോയതെന്ന് ചെന്നിത്തല പരിശോധിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപിയ്‌ക്ക് സംഭവിച്ച വോട്ട് ചോർച്ചയെ കുറിച്ച് പാർട്ടി വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.