ഇസ്രോയുടെ കൊവിഡ് കരുതൽ: റോക്കറ്റ് ഓക്‌സിജൻ കേരളത്തിന്
തിരുവനന്തപുരം: റോക്കറ്റിന്റെ ക്രയോജനിക് ഇന്ധനമുണ്ടാക്കാനുള്ള ഒാക്സിജൻ ഇനി കൊവിഡ് ചികിത്സയ്ക്കായി ഐ.എസ്.ആർ.ഒ സൗജന്യമായി കേരളത്തിന് നൽകും. ആഴ്ചയിൽ 12ടൺ ഒാക്സിജനാണ് നൽകുക. ആദ്യ ലോഡ് ഇന്നെത്തും.
ഇന്ത്യയുടെ കൂറ്റൻ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ജി.എസ്.എൽ.വി മാർക്ക് ത്രീ റോക്കറ്റിൽ ക്രയോജനിക് ഇന്ധനമാണ്. ഓക്സിജൻ മൈനസ്183 ഡിഗ്രിയിലും ഹൈഡ്രജൻ മൈനസ് 253 ഡിഗ്രിയിലും തണുപ്പിച്ചാണ് ഇതിന് ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പൽഷൻ കോംപ്ളക്സിലാണ് ഓക്സിജൻ പ്ലാന്റ്. അവിടെ ഉണ്ടാക്കുന്ന ഒാക്സിജൻ വിൽക്കാൻ അനുമതിയില്ല. സ്വകാര്യസ്ഥാപനത്തിനാണ് പ്ലാന്റ് പ്രവർത്തിപ്പിക്കാനുള്ള കരാർ. സാധാരണ മെഡിക്കൽ ഒാക്സിജൻ 95 ശതമാനം ശുദ്ധമാണെങ്കിൽ ക്രയോജനിക് ഓക്സിജന്റെ ശുദ്ധി (പ്യൂരിറ്റി) 99 ശതമാനമാണ്. ഇത്രയും മേന്മയുള്ള ഒാക്സിജനാണ് കൊവിഡ് ആവശ്യത്തിന് നൽകുന്നത്.
ചികിത്സയിലുള്ള കൊവിഡ് രോഗികൾ മൂന്നരലക്ഷം കവിഞ്ഞതോടെ ഒാക്സിജന്റെ ആവശ്യവും കൂടിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും മുൻ വി.എസ്.എസ്.സി ഡയറക്ടറുമായ എം.സി. ദത്തനാണ് ഐ.എസ്.ആർ.ഒയുടെ ഒാക്സിജൻ പ്ലാന്റ് ഉപയോഗിക്കാമെന്ന് നിർദ്ദേശിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവനുമായി ബന്ധപ്പെട്ട് നടപടിയെടുത്തു. ഐ.എസ്.ആർ.ഒ സയന്റിഫിക് വിഭാഗം മേധാവി ഡോ. ഉമാമഹേശ്വരൻ നടപടികൾ വേഗത്തിലാക്കി.
മഹേന്ദ്രഗിരിയിൽ നിന്ന് വലിയ ടാങ്കറുകളിൽ തിരുവനന്തപുരത്ത് എത്തിക്കുന്ന ഒാക്സിജൻ സിലിണ്ടറുകളിൽ നിറച്ചാണ് കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുക. പ്ളാന്റ് തമിഴ്നാട്ടിലായതിനാൽ അവർക്കും 12 ടൺ ഒാക്സിജൻ നൽകും.
149 ടൺ ശേഷിയുള്ള കഞ്ചിക്കോട്ടെ ഐനോക്സാണ് സംസ്ഥാനത്ത് ഒാക്സിജൻ നൽകുന്ന പ്രമുഖ സ്ഥാപനം. 204 ടണ്ണാണ് മൊത്തം ലഭ്യത. ഇതിൽ 47.16ടൺ കൊവിഡിതര മെഡിക്കൽ ആവശ്യങ്ങൾക്ക് വേണം. തമിഴ്നാടിനും ഐനോക്സ് ഒാക്സിജൻ നൽകിയതോടെ സംസ്ഥാനത്ത് ഒാക്സിജൻ ലഭ്യത കുറഞ്ഞു. വരും ദിവസങ്ങളിൽ ഒാക്സിജൻ ക്ഷാമം ഒഴിവാക്കാനുള്ള മുൻകരുതലുകളാണ് സംസ്ഥാന സർക്കാർ എടുക്കുന്നത്.
സംസ്ഥാനത്തെ ഒാക്സിജൻ നിർമ്മാണം
ഐനോക്സ് പാലക്കാട് 149.00 ടൺ
ചവറ കെ.എം.എം.എൽ. 6.00 ടൺ
കൊച്ചി ബി.പി.സി.എൽ. 0.32 ടൺ
കൊച്ചി കപ്പൽശാല.......... 5.40 ടൺ
ഐ.എസ്.യു.പ്ളാന്റ് 44.00 ടൺ.