പുതിയ വാക്സിൻ നയം: സ്വകാര്യ ആശുപത്രികൾ ആശങ്കയിൽ

Wednesday 05 May 2021 12:00 AM IST

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പുതിയ കൊവിഡ് വാക്സിൻ നയം വന്നതോടെ സ്വകാര്യ ആശുപത്രികൾ ആകെ ആശയക്കുഴപ്പത്തിൽ. സ്വകാര്യ ആശുപത്രികൾ സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങി ഉയോഗിക്കണമെന്നാണ് കേന്ദ്ര നി‌ർദ്ദേശം. വാക്സിൻ ആരുടെ അടുത്തുനിന്നു വാങ്ങണം, എപ്പോൾ ലഭിക്കും. നിരക്ക് എത്ര, ഡോസ് എത്ര ലഭിക്കും, നേരത്തെ വാക്സിനായി സർക്കാരിലേക്ക് അടച്ച പണം എപ്പോൾ റീ ഫണ്ട് ചെയ്യും തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല.

പുതിയ നയത്തിന്റെ ഭാഗമായി മേയ് ഒന്നിനാണ് സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്ക് നിർമ്മാതാക്കളിൽ നിന്നു നേരിട്ട് വാക്‌സിൻ വാങ്ങണമെന്ന അറിയിപ്പ് ലഭിച്ചത്. എന്നാൽ, എത്ര രൂപയ്ക്ക് നിർമ്മാതാക്കൾ വാക്സിൻ നൽകുകയെന്ന് ഇതിൽ പറയുന്നില്ല. പുതിയ സാഹചര്യത്തിൽ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ. ആദ്യഡോസ് വാക്സിൻ സ്വീകരിച്ചവർ സമയത്തിനെത്തുമ്പോൾ വാക്സിൻ ഇല്ലാത്ത അവസ്ഥയാണിപ്പോൾ.

വിവിധ വാക്സിനുകൾക്ക് വ്യത്യസ്ത നിരക്കാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്. വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് സ്വകാര്യ ആശുപത്രികൾ നേരിട്ട് വാക്സിൻ വാങ്ങുന്നതോടെ കുത്തിവയ്പിന് 1000 രൂപ വരെ ചുമത്തിയേക്കാം. നേരത്തെ പണമടച്ചിട്ടും സർക്കാരിൽ നിന്ന് വാക്സിൻ പൂർണമായി ലഭിക്കാത്ത ആശുപത്രികൾ കുറച്ചൊന്നുമല്ല. പലർക്കും 50, 100 തുടങ്ങി വളരെ കുറവ് ഡോസ് വാക്സിനാണ് ലഭിച്ചത്. അടച്ച പണത്തിനുള്ള വാക്സിൻ ഇനിയെങ്കിലും നൽകിക്കൂടേ എന്ന ചോദ്യമാണ് ഈ മാനേജ്മെന്റുകളുടേത്. സ്വകാര്യ ആശുപത്രികളിൽ ആദ്യ ഡോസ് വാക്സിൻ കുത്തി വച്ചവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് രണ്ടാം ഡോസ് കുത്തിവയ്ക്കാനുള്ള അനുമതിയുമുണ്ട്.

.

Advertisement
Advertisement