മാലിയും നേപ്പാളും കടുപ്പിച്ചു, സൗദി യാത്ര മുടങ്ങും

Wednesday 05 May 2021 12:40 AM IST

കോഴഞ്ചേരി : കൊവിഡ് രണ്ടാംതരംഗ വ്യാപനം ജില്ലയിലെ പ്രവാസി മലയാളികളെ വീണ്ടും യാത്രാ ദുരിതത്തിലാഴ്ത്തി. മാലിദ്വീപും നേപ്പാളും നിയന്ത്രണം കർശനമാക്കിയതോടെ 892 പേരാണ് സൗദിയിലേക്ക് മടങ്ങാനാകാതെ ജില്ലയിലുള്ളത്. ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നിലവിൽ മാലദ്വീപ്, നേപ്പാൾ വഴിയാണ് വിമാന സർവീസുള്ളത്. ഇരു രാജ്യങ്ങളും കൊവിഡിന്റെ പശ്ചാത്തലത്തിൽ യാത്രാ നിയന്ത്രണം കൊണ്ടുവരുകയായിരുന്നു. ജോലി ആവശ്യത്തിന് സൗദിയിലേക്ക് മടങ്ങി പോകേണ്ടവരാണ് ജില്ലയിലുള്ളത്.

മറ്റൊരു രാജ്യത്ത് നിന്നെത്തി ട്രാൻസിസ്റ്റ് യാത്രക്കാരായി വേറൊരു രാജ്യത്തേക്ക് പോകാനാണ് മാലിദ്വീപും നേപ്പാളും വിലക്ക് ഏർപ്പെടുത്തിയത്.

ഒരു വർഷം മുമ്പ് കൊവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ചപ്പോൾ സൗദിയിൽ നിന്ന് നാട്ടിലെത്തിയവരും ഇപ്പോഴത്തെ മടക്കയാത്രയ്ക്ക് സീറ്റ് ബുക്ക് ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ നീളുകയും തിരിച്ചു പോകാനുള്ള വഴി അടയുകയും ചെയ്തതോടെ മിക്കവരും കടുത്ത ബുദ്ധിമുട്ടിലാണ്. റീ എൻട്രി സംവിധാനത്തിൽ നാട്ടിലെത്തിയവർക്ക് നിശ്ചിത സമയത്തിനുള്ളിൽ മടങ്ങാനായില്ലെങ്കിൽ വിസ റദ്ദാക്കുമെന്ന ആശങ്കയുണ്ട്. വിസ റദ്ദായാൽ മറ്റൊരു വിസയിൽ സൗദിയിൽ എത്തുന്നതിന് തടസമുണ്ട്. നേരിട്ട് യാത്ര നിരോധിച്ചിട്ടില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം ജോലിക്കായി എത്തുന്നവരെ സൗദി സ്വീകരിക്കുന്നുണ്ട്. ഇതിനായി യു.എ.ഇയും ഒമാനും ഒരുക്കിയ സൗകര്യങ്ങൾ നിറുത്തലാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ മാലിയും നേപ്പാളും കൂടി നിയന്ത്രണം കടുപ്പിച്ചത്. എന്നാൽ മാലിദ്വീപിലെത്തി 15 ദിവസത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയതിന് ശേഷം നെഗറ്റീവ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ താമസിക്കുന്നതിന് വേണ്ടി വരുന്ന ചെലവ് യാത്രക്കാർക്ക് താങ്ങാനാവില്ലെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്.

ഇനി പ്രതീക്ഷ ശ്രീലങ്ക വഴി

അടുത്ത ആഴ്ച മുതൽ സൗദിയിലേക്ക് ശ്രീലങ്ക വഴി യാത്ര ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ശ്രീലങ്കയിൽ 15 ദിവസത്തെ ക്വാറന്റൈൻ ഉൾപ്പെടെ സൗദിയിൽ എത്താൻ 86,000 രൂപയാണ് ചെലവ്. മറ്റ് രാജ്യങ്ങൾ വഴിയുള്ള നിരക്കിനേക്കാൾ കുറവാണിത്. ഇന്ത്യൻ രൂപയ്ക്ക് മൂല്യം കൂടുതലായതിനാൽ ശ്രീലങ്കയിലെ ചെലവ് കുറയ്ക്കാനാകുമെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.

" സൗദി യാത്രക്കാർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ക്വാറന്റൈൻ കഴിഞ്ഞു പോകുന്നവരുടെ ടിക്കറ്റ് ചാർജ് കുറയ്ക്കണം. കേരള സർക്കാരും അടിയന്തരമായി ഇടപെടണം".

( തോമസ് മാത്യു ഇടയാറന്മുള,

സംസ്ഥാന ജന. സെക്രട്ടറി, ഗൾഫ് മലയാളി വെൽഫെയർ അസോസിയേഷൻ, കോഴഞ്ചേരി)

Advertisement
Advertisement