പൊന്നാനിയിൽ യു.ഡി.എഫിന് ലീഡ് നേടാനായത് 29 ബൂത്തുകളിൽ മാത്രം

Wednesday 05 May 2021 12:08 AM IST
പി.​ന​ന്ദ​കു​മാ​ർ​ ​

പൊന്നാനി: ഇടതുമുന്നണി സമഗ്ര വിജയം കൊയ്ത പൊന്നാനിയിൽ യു.ഡി.എഫിന് ലീഡ് നേടാനായത് 29 ബൂത്തുകളിൽ. 132 ബൂത്തുകളിൽ ഇടതുമുന്നണിയാണ് മുന്നിൽ. 54 ബൂത്തുകളുള്ള പൊന്നാനി നഗരസഭയിൽ രണ്ടിടത്ത് മാത്രമാണ് യു.ഡി.എഫിന് ലീഡ് നേടാനായത്. 14, 41 ബൂത്തുകളിലാണ് യു.ഡി.എഫിന് ലീഡുള്ളത്. ആലങ്കോട് പഞ്ചായത്തിലാണ് കൂടുതൽ ബൂത്തുകളിൽ യു.ഡി.എഫ് മുന്നിലെത്തിയത്. 23 ബൂത്തുകളിൽ 12 എണ്ണത്തിൽ യു.ഡി.എഫ് മുന്നിലെത്തി. മാറഞ്ചേരി പഞ്ചായത്തിലെ 22 ബൂത്തുകളിൽ അഞ്ചിടത്ത് മാത്രമാണ് യു.ഡി.എഫ് മുന്നിലെത്തിയത്. നന്നംമുക്കിലെ 20 ബൂത്തിൽ ആറെണ്ണത്തിലും, പെരുമ്പടപ്പിലെ 19 എണ്ണത്തിൽ മൂന്നിടത്തും, വെളിങ്കോട്ടെ 19 എണ്ണത്തിൽ ഒരിടത്തുമാണ് യു.ഡി.എഫിന് മുന്നിലെത്താനായത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് വെളിങ്കോട്.

തീരദേശ മേഖലയിൽ ഒരുബൂത്തിൽ മാത്രമാണ് യു.ഡി.എഫ് മുന്നിലെത്തിയത്. പൊന്നാനി നഗരസഭയിലെ മുഴുവൻ ബൂത്തുകളിലും ഇടതുമുന്നണിക്ക് വലിയ ലീഡാണ് നൽകിയത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ച ബൂത്തുകളിലും എൽ.ഡി.എഫിനാണ് ലീഡ്. ആലങ്കോട് പഞ്ചായത്തിലെ മൂന്ന് ബൂത്തുകളിൽ മാത്രമാണ് ഇടതു മുന്നണി പിന്നിൽ പോയത്.

തുടർച്ചയായ നാലാം തവണയും മികച്ച ഭൂരിപക്ഷത്തോടെ പൊന്നാനി മണ്ഡലത്തിൽ സി.പി.എം വിജയിച്ച് കയറിയത് എല്ലാ പഞ്ചായത്തുകളും ലീഡ് വർദ്ധിപ്പിച്ച് കൊണ്ടായിരുന്നു. ഇടതുമുന്നണി പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷമാണ് എല്ലായിടത്തു നിന്നും ലഭിച്ചത്. ഏഴായിരം മാത്രം ലീഡ് പ്രതീക്ഷിച്ചിരുന്ന പൊന്നാനി നഗരസഭയിൽ നിന്ന് 9,​365 വോട്ടിന്റെ ലീഡാണ് എൽ.ഡി.എഫിനുണ്ടായത്. ഇതിൽ തീരദേശ മേഖലയായ നഗരം ലോക്കൽ കമ്മിറ്റി പരിധിയിൽ നിന്ന് 4,​112 വോട്ടിന്റെ ലീഡ് ലഭിച്ചു.

800 ലേറെ ലീഡ് പ്രതീക്ഷിച്ച മാറഞ്ചേരി പഞ്ചായത്തിൽ നിന്നും 1,​114 അധിക വോട്ട് ലഭിച്ചു. യു.ഡി.എഫിന്റെ സ്വാധീന മേഖലയായ ആലങ്കോട് പഞ്ചായത്തിലും എൽ.ഡി.എഫ് തന്നെ മുന്നിട്ട് നിന്നു. 949 വോട്ടിന്റെ ലീഡാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി.നന്ദകുമാറിന്റെ ബൂത്ത് ഉൾപ്പെടുന്ന ഇവിടെ നിന്നും ലഭിച്ചത്. ഇരുമുന്നണികളും ബലാബലം പ്രതീക്ഷിച്ചിരുന്ന നന്നംമുക്ക് പഞ്ചായത്തിലും ആയിരത്തിനടുത്ത് ലീഡ് നേടാൻ എൽ.ഡി.എഫിനായി. 962 വോട്ടിന്റെ ലീഡാണ് നന്നംമുക്കിലുണ്ടായത്.

യു.ഡി.എഫ് ഭരിക്കുന്ന മണ്ഡലത്തിലെ ഏക പഞ്ചായത്തായ വെളിങ്കോട് വലിയ ഭൂരിപക്ഷമാണ് എൽ.ഡി.എഫിന് നൽകിയത്. 2,​428 വോട്ടിന്റെ ലീഡ് ഇവിടെ നിന്നും നേടാനായി. എൽ.ഡി.എഫിലെ സ്ഥാനാർഥി നിർണ്ണയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് വെളിങ്കോട് മുന്നേറ്റമുണ്ടാക്കാമെന്ന് യു.ഡി.എഫ് കരുതിയ പഞ്ചായത്തിലാണ് എൽ.ഡി.എഫ് വലിയ മുന്നേറ്റമുണ്ടാക്കിയത്. പെരുമ്പടപ്പ് പഞ്ചായത്തിലും 1,​819 വോട്ടിന്റെ ലീഡ് നേടാൻ എൽ.ഡി.എഫിനായി.1,​45,​590 വോട്ട് പോൾ ചെയ്തതിൽ 7,​4668 വോട്ട് എൽ.ഡി.എഫിനും 5,​7625 വോട്ടുകൾ യു.ഡി.എഫിനും നേടാനായി.

Advertisement
Advertisement