തമിഴകം വാഴാൻ സ്റ്റാലിൻ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തു
ചെന്നൈ: തമിഴ്നാട്ടിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയ ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി എം.കെ. സ്റ്റാലിനെ തിരഞ്ഞെടുത്തു. ഇന്നലെ രാത്രി പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ നടന്ന യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ദുരൈ മുരുകനാണ് എം.കെ. സ്റ്റാലിന്റെ പേര് നിർദ്ദേശിച്ചത്. 7നാണ് സത്യപ്രതിജ്ഞ. ആറിന് മന്ത്രിസഭാ അംഗങ്ങളുടെ പേര് വിവരം ഔദ്യോഗികമായി പുറത്തുവിടും.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് പ്രവർത്തകർ പാർട്ടി ഓഫീസിലെത്തുന്നതിനെ സ്റ്റാലിൻ കർശനമായി വിലക്കിയിരുന്നുവെങ്കിലും പാർട്ടി നേതാക്കൾ അവിടെ തമ്പടിച്ചിരുന്നു. ദുരൈ മുരുകൻ സ്റ്റാലിനെ മഞ്ഞ ഷാൾ പുതപ്പിച്ചപ്പോൾ പുറത്ത് മുദ്രവാക്യം വിളികൾ മുഴങ്ങി.
മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടവരെക്കുറിച്ചും ചർച്ചകളുണ്ടായി. പരിചയ സമ്പത്തിനും യുവത്വത്തിനും തുല്യ പ്രാധാന്യം നൽകുന്ന മന്ത്രിസഭയാകും നിലവിൽ വരികയെന്നാണ് സൂചന. മുതിർന്ന നേതാക്കളായ ദുരൈമുരുകൻ, ഇ.വി.വേലു, ചെന്നൈ മുൻ മേയർ കൂടിയായ എം.സുബ്രഹ്മണ്യം, കെ.എൻ.നെഹ്‌റു, പൊന്മുടി, കെ.കെ.എസ്.ആർ രാമചന്ദ്രൻ എന്നിവരുടെ പേരുകൾ സജീവമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമാഹരിച്ച പരാതികൾ പരിഹരിക്കുന്നതിന് പ്രത്യേക വകുപ്പു രൂപീകരിക്കുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. ഈ വകുപ്പിന്റെ ചുമതല ഉദയനിധി സ്റ്റാലിന് നൽകിയേക്കും.