കോൺഗ്രസിൽ വെടി മുഴക്കം: രമേശ് മാറേണ്ടെന്ന് ഐ ഗ്രൂപ്പ്

Tuesday 04 May 2021 10:46 PM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ പരസ്യ വെടിമുഴക്കങ്ങൾ തുടരുന്നു. 'ഉറങ്ങുന്ന പ്രസിഡന്റെന്തിന് പാർട്ടിക്ക് 'എന്ന ഫേസ്ബുക് പോസ്റ്റുമായി ഹൈബി ഈഡൻ എം.പി രംഗത്തെത്തി. സംഘടനാ സംവിധാനത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന് കെ.സി. ജോസഫ് ആവശ്യപ്പെട്ടു. നേതൃമാറ്റം വേണമെന്ന വികാരം ഉമ്മൻ ചാണ്ടിക്കുമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.അതേസമയം, പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല മാറേണ്ടെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. സർക്കാരിനെ പലപ്പോഴും പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷനേതാവിന് സാധിച്ചപ്പോൾ അതേറ്റെടുത്ത് വിജയിപ്പിക്കാനാവാത്തത് പാർട്ടിയുടെ കഴിവുകേടാണെന്നാണ് വാദം. എന്നാൽ സംഘടനയെ കഴിവു കെട്ടതാക്കിയത് ഐ ഗ്രൂപ്പിന്റെയടക്കം സമ്മർദ്ദത്തിന് വഴങ്ങി രൂപപ്പെട്ട ഭാരവാഹിപ്പടയല്ലേയെന്നാണ് മറുചോദ്യം. കഴിവ്കെട്ടവരെ കുത്തിനിറയ്ക്കാൻ ഏറ്റവുമധികം പണിപ്പെട്ടത് രമേശല്ലേയെന്നും ചോദ്യമുണ്ട്.

രമേശ് പ്രതിപക്ഷ നേതൃസ്ഥാനമൊഴിഞ്ഞാൽ ഐ ഗ്രൂപ്പിൽ ധ്രുവീകരണമുണ്ടായേക്കാം. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരൻ വരണമെന്ന അഭിപ്രായവും ശക്തമാവുന്നു. അതിനോട് എ ഗ്രൂപ്പിൽ ഒരു വിഭാഗത്തിന് താല്പര്യമില്ല. രമേശ് പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുകയും മുല്ലപ്പള്ളി മാറുകയും ചെയ്താൽ കെ.പി.സി.സി അദ്ധ്യക്ഷപദവിക്കായി എ ഗ്രൂപ്പ് ആവശ്യമുന്നയിച്ചേക്കും

ഘടകകക്ഷികളും രംഗത്ത്

കോൺഗ്രസിലെ സംഘടനാ കുഴപ്പങ്ങളാണ് തിരിച്ചടിക്ക് കാരണമെന്ന ആക്ഷേപവുമായി ഘടകകക്ഷികളുമെത്തി. എന്നാൽ, മുസ്ലിംലീഗിലടക്കം തോൽവിയെത്തുടർന്ന് നേതൃത്വത്തിനെതിരെ ആഭ്യന്തരകലാപമുയരുന്നു. സമസ്തയടക്കമുള്ള കക്ഷികൾ പഴിക്കുന്നത് കോൺഗ്രസിനെയും കെ.പി.സി.സി നേതൃത്വത്തെയുമാണ്. വലിയതോതിൽ ക്രിസ്ത്യൻ, നായർ വോട്ടുകൾ ഇടതിലേക്ക് ചോർന്നത് ലീഗിന്റെ നിലപാടുകൾ കാരണമെന്ന വിമർശനം കോൺഗ്രസിലുമുയരുന്നു.

കോൺഗ്രസിലെ കൂട്ടക്കുഴപ്പമാണ് യു.ഡി.എഫ് തകർച്ചയ്ക്ക് കാരണമെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ കുറ്റപ്പെടുത്തി. ഘടകകക്ഷികൾ മത്സരിച്ചിടത്ത് കോൺഗ്രസിന്റെ വേണ്ടത്ര ഇടപെടലുണ്ടായോയെന്ന് പരിശോധിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു. ഒരു സീറ്റിന്റെ പേരിൽ മുന്നണിവിട്ട ആർ.എസ്.പിക്ക് പിന്നീടിങ്ങോട്ട് നഷ്ടക്കച്ചവടമേയുള്ളൂവെന്ന വിമർശനം ആ പാർട്ടിക്കകത്തും ഉയരുന്നു.

Advertisement
Advertisement