മേള രഘു യാത്രയായി, അവസാനം അഭിനയിച്ചത് ദൃശ്യം 2വിൽ
ചേർത്തല: ഏഷ്യയിലെ ആദ്യ പൊക്കം കുറഞ്ഞ സിനിമാനായകനെന്ന വിശേഷണമുള്ള മേള രഘു (ശശിധരൻ-61) അന്തരിച്ചു. കഴിഞ്ഞ 16ന് വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് രണ്ടാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ കൊവിഡും സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി 11നായിരുന്നു അന്ത്യം. കൊവിഡ് മാനദണ്ഡപ്രകാരം സംസ്കാരം നടന്നു. ഭാര്യ: ശ്യാമള. കൊച്ചി അമൃത ആശുപത്രിയിലെ നഴ്സ് ശില്പയാണ് ഏക മകൾ.
കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ മേളയിൽ മമ്മൂട്ടിക്കൊപ്പം നായക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ചേർത്തല നഗരസഭ 18-ാം വാർഡ് പുത്തൻവെളിയിൽ ശശിധരൻ മേള രഘുവായത്. ഭാരത് സർക്കസിലെ പേരെടുത്ത ജോക്കറായിരുന്നു അന്ന് ശശിധരൻ. നടൻ ശ്രീനിവാസനാണ് സർക്കസ് കൂടാരത്തിലെത്തി സിനിമയിലേക്ക് വിളിച്ചത്. കെ.ജി. ജോർജാണ് പേര് രഘു എന്നാക്കിയത്. മേളയടക്കം 30 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാലിനൊപ്പം ദൃശ്യം രണ്ടിലാണ് അവസാനമായി അഭിനയിച്ചത്. സഞ്ചാരി, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, അപൂർവ സഹോദരങ്ങൾ (തമിഴ്), ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കെ.പി.എ.സിയുടെ നാടകങ്ങളിലും ഇടംപിടിച്ചു.
മകളുടെ വിവാഹം
മകൾ ശില്പയുടെ വിവാഹം ആലപ്പുഴ പൂങ്കാവ് സ്വദേശിയുമായി കഴിഞ്ഞ 25ന് നടത്താൻ നിശ്ചയിച്ചിരുന്നതാണ്. അതിനു മുമ്പാണ് രഘു കുഴഞ്ഞുവീണത്. രഘുവിന്റെ വലിയ ആഗ്രമായിരുന്നു മകളുടെ വിവാഹം. ഇതറിഞ്ഞ ആശുപത്രി അധികൃതരും ബന്ധുക്കളും നിർബന്ധിച്ച് തിങ്കളാഴ്ച വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. രാത്രിയിൽ രഘു മരിച്ചു. ചെങ്ങന്നൂർ സ്വദേശിയായ രഘു 35 വർഷമായി ചേർത്തലയിലാണ് താമസം.