ഹൈക്കോടതി നിർദ്ദേശം; സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സാ നിരക്കിൽ സർക്കാർ ഇടപെടണം

Wednesday 05 May 2021 12:00 AM IST

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കാൻ സർക്കാർ ഇടപെടണമെന്നും ആശുപത്രിയിലെ റൂം, ബെഡ്, വെന്റിലേറ്റർ, ഒാക്‌സിജനറേറ്റർ തുടങ്ങിയവയുടെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യുക്തിസഹമായ നിരക്ക് വേണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പെരുമ്പാവൂരിലെ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ലീഗൽ സെൽ വൈസ് ചെയർമാൻ അഡ്വ. സാബു. പി. ജോസഫ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

പൊതുതാത്പര്യം പരിഗണിച്ച് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ, ഐ.എം.എ, നാഷണൽ ഹെൽത്ത് മിഷൻ, കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഒഫ് ഇന്ത്യ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ എന്നിവരെ കക്ഷി ചേർത്ത ഡിവിഷൻ ബെഞ്ച് ഹർജി മേയ് ആറിന് പരിഗണിക്കാൻ മാറ്റി.

വൻനിരക്ക് ഇൗടാക്കുന്നതായി ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. 50 രോഗികളുള്ള ആശുപത്രിയിൽ ഒാരോ രോഗിക്കും പ്രത്യേകം ഡോക്ടറെ നിയോഗിച്ചാലെന്നപോലെ എല്ലാ രോഗികളിൽ നിന്നും ദിനം പ്രതി രണ്ടു പി.പി. ഇ കിറ്റിനുൾപ്പെടെ ചാർജ്ജ് ഇൗടാക്കുന്നു. പൊതുവായി ഉപയോഗിക്കുന്ന ഇവയുടെ ചാർജ്ജ് ഒാരോരുത്തരിൽ നിന്നും ഇൗടാക്കാനാവില്ല. ഇതു അമിതലാഭമുണ്ടാക്കലാണ്. കൊവിഡ് ചികിത്സാ രംഗത്തുള്ള ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് അധിക ശമ്പളം നൽകണമെന്നതിൽ തർക്കമില്ല. എന്നാൽ വെന്റിലേറ്റർ ഉൾപ്പെടെയുള്ള മെഷീനുകളുടെ നിരക്ക് പല ആശുപത്രികളിലും വ്യത്യസ്തമാണ്. ഇതിനൊരു മാനദണ്ഡമുണ്ടാകണം. സ്വകാര്യ ആശുപത്രികൾക്ക് കോടതി എതിരല്ല. മരുന്നിനും ചികിത്സയ്‌ക്കും യഥാർത്ഥ തുകയേ ഇൗടാക്കാവൂ. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രി കൊവിഡ് ചികിത്സക്ക് ഒരു ദിവസം 10,000 - 20,000 രൂപവരെയാണ് ആവശ്യപ്പെട്ടത്. ആശുപത്രിയുടെ പേരു പറയുന്നില്ല. പത്തു ദിവസത്തെ ചികിത്സക്ക് രണ്ടു ലക്ഷം രൂപയാണ് ചോദിച്ചത് - ഹൈക്കോടതി വാക്കാൽ പറഞ്ഞു.

 സർക്കാരിന്റെ വാദം

ജില്ലാ - സംസ്ഥാന തലത്തിൽ പരാതി പരിഹാരസെല്ലുകൾക്ക് രൂപം നൽകിയിട്ടുണ്ട്. കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ എംപാനൽ ആശുപത്രികളായി തിരഞ്ഞെടുത്തിട്ടുണ്ട്. എംപാനൽ അല്ലാത്ത സ്വകാര്യ ആശുപത്രികളുടെ നിരക്ക് നിശ്ചയിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വിശദീകരണം നൽകാൻ സമയം വേണം.

Advertisement
Advertisement