ചങ്ങലക്കിലുക്കം തളയ്ക്കാൻ പൊലീസ് വോളണ്ടിയേഴ്സ്

Wednesday 05 May 2021 12:02 AM IST

 വീണ്ടും കടുപ്പിച്ച് കൊവിഡ് നിയന്ത്രണം

കൊല്ലം: കൊവിഡ് രണ്ടാം വ്യാപനവും പോസിറ്റിവിറ്റി നിരക്കും ഉയർന്നതോടെ നിയന്ത്രണം കർക്കശമാക്കാൻ ഒന്നാം ഘട്ടത്തിലേത് പോലെ പൊലീസ് വോളണ്ടിയേഴ്സ് നിരത്തിലേക്ക്. നേരത്തെ കണ്ടെയ്ൻമെന്റ് സോണുകൾ അടയ്ക്കുന്നതിനും നിരീക്ഷണത്തിനുമായാണ് വോളണ്ടിയർമാരെ നിയോഗിച്ചിരുന്നത്.

എന്നാൽ ഇത്തവണ ക്വാറന്റൈൻ ലംഘനങ്ങളും കണ്ടെത്തും. കണ്ടെയ്ൻമെന്റ് സോണുകൾ പൂർണമായും അടച്ചിടാത്തതും യാത്രാവിലക്ക് ഏർപ്പെടുത്താത്തതിനാലുമാണ് ഇവരുടെ സേവനം കൂടുതലായി പൊലീസ് പ്രയോജനപ്പെടുത്തുന്നത്. യാത്ര ചെയ്യുന്നവർ സമ്മതപത്രം കൈയിൽ കരുതിയിരിക്കണം. ഇല്ലെങ്കിൽ നടപടി നേരിടേണ്ടിവരും. ഗതാഗത നിയന്ത്രണത്തിനും പൊലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ വോളണ്ടിയേഴ്സിനെ നിയോഗിക്കുന്നുണ്ട്. കഴിഞ്ഞ തവണ സേവനത്തിന്റെ ഭാഗമായി സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.

 ഒരു സ്റ്റേഷൻ പരിധിയിൽ

വോളണ്ടിയർമാർ: 10 - 25 പേർ

 സേവനസന്നദ്ധരായി യുവത

പണമോ പാരിതോഷികമോ നൽകാതെ സേവനസന്നദ്ധരായ യുവാക്കളെയാണ് വോളണ്ടിയർമാരായി തിരഞ്ഞെടുക്കുന്നത്. ഇവരിൽ ഭൂരിഭാഗവും കഴിഞ്ഞതവണ സേവനം അനുഷ്ഠിച്ചവരാണ്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി പെൺകുട്ടികളെയും സ്‌കൂൾ തല എൻ.എസ്.എസ് വിദ്യാർത്ഥികളെയും തിരഞ്ഞെടുത്തിട്ടുണ്ട്. കൊവിഡ് രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുകയാണ് പെൺകുട്ടികളുടെ ചുമതല.

 ചുമതലകൾ

1. പൊലീസ് നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങളെ അറിയിക്കുക
2. പൊലീസിന്റെ മാർഗ നിർദ്ദേശ പ്രകാരം പ്രവർത്തിക്കുക
3. കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണ ലംഘനം കണ്ടെത്തുക
4. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സ്റ്റിക്കർ പതിക്കൽ
5. ഗതാഗത നിയന്ത്രണം ഉൾപ്പെടെ പൊലീസിനെ സഹായിക്കൽ

''

ഹാർബറുകൾ, മാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനേക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ വോളണ്ടിയർമാർക്ക് കഴിയും. ഇവർക്ക് സർട്ടിഫിക്കറ്റും വാക്സിനേഷൻ നൽകുന്നതിനും മുൻഗണന നൽകും.


ടി.ബി. വിജയൻ,

എ.സി.പി, കൊല്ലം സിറ്റി

Advertisement
Advertisement