നിശബ്ദം ഇന്ദിരാഭവൻ

Wednesday 05 May 2021 2:52 AM IST

തിരുവനന്തപുരം: പൂരംകഴിഞ്ഞ പറമ്പ് പോലെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവൻ. എപ്പോഴും നേതാക്കളുമായി വന്നുപോയിരുന്ന ഇന്ദിരാഭവനിൽ ആളും ആരവവുമൊക്കെയൊഴിഞ്ഞു. ഫലപ്രഖ്യാപനം വന്നതിന്റെ അടുത്ത ദിവസം മുതൽ ഇവിടെ പതിവ് സന്ദർശകരില്ല. ചില നേതാക്കൾ വല്ലപ്പോഴും വന്നുപോകുന്നെന്നു മാത്രം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാടാണ്. ഉമ്മൻചാണ്ടി കോട്ടയത്തും. എന്നാൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എല്ലാദിവസങ്ങളിലും ഇന്ദിരാഭവനിലെത്തുന്നുണ്ട്. സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാറാണ് മിക്കപ്പോഴുമുള്ളത്. ഇന്നലെ കെ. മുരളീധരൻ എത്തി കുറെ സമയം മുല്ലപ്പള്ളിയുമായി സംസാരിച്ചിരുന്നു. വിവിധ നേതാക്കൾ കെ.പി.സി.സി അദ്ധ്യക്ഷനെതിരെ പലകോണുകളിൽ നിന്ന് ഒളിയമ്പെയ്യുന്നുണ്ടെങ്കിലും പരസ്യമായ ഒരു പ്രതികരണത്തിനും അദ്ദേഹം തയാറായിട്ടില്ല.

ഇന്ന് രാവിലെ 11 ന് കെ. മുരളീധരൻ എം.പിയുടെ വാർത്താസമ്മേളനം കെ.പി.സി.സിയിൽ വിളിച്ചിട്ടുണ്ട്. സ്വാഭാവികമായും യു.ഡി.എഫിന് ഏറ്റ പരാജയത്തിന്റെ ചില കാണപ്പുറങ്ങൾ അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിരത്തുമെന്നുറപ്പ്. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം മേയ് ഏഴിന് വിളിച്ചിരിക്കുകയാണ്. ഓൺലൈനായിട്ടാണോ അല്ലാതെയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കെ.പി.സി.സിയുടെ വിശാലയോഗം വിളിക്കണമെന്ന ആവശ്യവും ചില നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. ഏതായാലും ഇപ്പോഴത്തെ ഈ മൂകത രാഷ്ട്രീയകാര്യ സമിതി യോഗത്തോടെ ഇല്ലാതാവുമെന്നുറപ്പ്. കാരണം തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പേരുലുള്ള യഥാർത്ഥ പൊട്ടലും ചീറ്റലും തുടങ്ങാനിരിക്കുന്നേയുള്ളു എന്നാണ് ഒരു മുതിർന്ന നേതാവ് പറഞ്ഞത്.

Advertisement
Advertisement