സംസ്ഥാനത്ത് കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

Thursday 06 May 2021 1:06 AM IST

കോഴിക്കോട്: യാത്രക്കാർ കുറഞ്ഞതോടെ സംസ്ഥാനത്തെ കൂടുതൽ ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. കൊവിഡ് വ്യാപനത്തെത്തുടർന്ന് ജനങ്ങൾ ട്രെയിൻ യാത്ര പൂർണമായും ഒഴിവാക്കുകയാണ്. റദ്ദാക്കിയ ട്രെയിനുകൾ: കണ്ണൂർ - കോയമ്പത്തൂർ, കോയമ്പത്തൂർ - കണ്ണൂർ, പുനലൂർ - ഗുരുവായൂർ, ഗുരുവായൂർ - പുനലൂർ, ഗുരുവായൂർ - തിരുവനന്തപുരം, തിരുവനന്തപുരം - ഗുരുവായൂർ, ഭാവ്നഗർ - കൊച്ചുവേളി, കൊച്ചുവേളി - ഭാവ്നഗർ, തിരുവനന്തപുരം - തിരുച്ചിറപ്പള്ളി, തിരുച്ചിറപ്പള്ളി - തിരുവനന്തപുരം.

മാൽഡയിലേക്ക് സൂപ്പർഫാസ്റ്റ് റംസാൻ സ്പെഷ്യൽ

റംസാൻ പ്രമാണിച്ച് അന്യസംസ്ഥാനത്തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാനും വരാനുമായി 8,11 തീയതികളിൽ തിരുവനന്തപുരത്തുനിന്ന് പശ്ചിമബംഗാളിലെ മാൽഡയിലേക്കും 11,14 തീയതികളിൽ തിരിച്ചും സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 6നും മാൽഡയിൽ നിന്ന് രാത്രി 7.45നുമാണ് സർവീസ്. കൊല്ലം,ചെങ്ങന്നൂർ,കോട്ടയം,എറണാകുളം, തൃശൂർ,പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ട്രെയിൻ നമ്പർ 06185/06186.