ബി.ജെ.പി സംഘടനാ ജനറൽ സെക്രട്ടറിക്ക് എതിരെ ബി.ഡി.ജെ.എസ്

Thursday 06 May 2021 3:13 AM IST

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ച ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറിയുടെ ഭാഗത്തു നിന്ന് ഗുരുതരമായ കൃത്യവിലോപവും അവഗണനയും ഉണ്ടായതായി ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം.

തിടുക്കപ്പെട്ട് തീരുമാനമെടുക്കരുതെന്ന് ബി.ജെ.പി ദേശീയനേതൃത്വം ആവശ്യപ്പെട്ട സാഹചര്യത്തിൽ മുന്നണിമാറ്റം സംബന്ധിച്ച ആലോചന തത്കാലം മാറ്റിവച്ചു. ഉചിതമായ തീരുമാനമെടുക്കാൻ കൊല്ലത്ത് ചേർന്ന കൗൺസിൽ യോഗം പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി.

ബി.ജെ.പി സംഘടനാ സെക്രട്ടറിക്കും എൻ.ഡി.എയുടെ മണ്ഡലം സംയോജകന്മാർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നേതൃത്വത്തെ സമീപിക്കും. പ്രകടനപത്രിക തയ്യാറാക്കുന്നതിലും ബി.ഡി.ജെ.എസിനെ പൂർണമായും അവഗണിച്ചു. ഇടത് വലത് മുന്നണികൾ പ്രചാരണ സാമഗ്രികളിൽ ഘടകകക്ഷി നേതാക്കളുടെ ചിത്രങ്ങൾ സഹിതം ഉപയോഗിച്ചു. എന്നാൽ എൻ.ഡി.എയിലെ മുഖ്യകക്ഷിയായ ബി.ഡി.ജെ.എസിനെ ഒഴിവാക്കാൻ ബോധപൂർവമായ ഇടപെടലുണ്ടായി. പ്രചാരണ സാമഗ്രികളിൽ നിന്ന് ബി.ഡി.ജെ.എസ് നേതാക്കളുടെ ചിത്രം ഒഴിവാക്കാൻ ചുക്കാൻ പിടിച്ചത് സംഘടനാ സെക്രട്ടറിയാണ്... ബി.ഡി.ജെ.എസ് മത്സരിച്ച മണ്ഡലങ്ങളിൽ സ്റ്റാർ കാമ്പെയിനർമാരെ നൽകാതിരുന്നതിന് പിന്നിലും അദ്ദേഹത്തിന്റെ ഇടപെടലുണ്ടായി.

പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. പത്മകുമാർ, സിനിൽ മുണ്ടപ്പള്ളി, ജനറൽ സെക്രട്ടറിമാരായ രാജേഷ് നെടുമങ്ങാട്, അനിരുദ്ധ് കാർത്തികേയൻ, ഷാജി ബത്തേരി എന്നിവർ സംസാരിച്ചു.

അന്വേഷിക്കാൻ

മൂന്നംഗ സമിതി

നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളുടെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതി 15ന് അകം സ്ഥാനാർത്ഥികളുടെ പരാതിയും അന്വേഷണ റിപ്പോർട്ടും സമർപ്പിക്കും. റിപ്പോർട്ടിലെ വിവരങ്ങൾ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിക്കും.

Advertisement
Advertisement