ആശങ്കയോടെ ടൂറിസം മേഖല

Thursday 06 May 2021 12:49 AM IST

പാലക്കാട്: കൊവിഡിന്റെ രണ്ടാം തരംഗം ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. രണ്ട് പ്രളയ കാലങ്ങളും കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണുമുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് മെല്ലെ കരകയറുമ്പോഴാണ് വെള്ളിടി പോലെ കൊവിഡ് രണ്ടാം തരംഗം രംഗപ്രവേശം ചെയ്യുന്നത്.

ടൂറിസം മേഖലയെ മാത്രം ആശ്രയിച്ച് നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് കുടുംബങ്ങളാണ് ജില്ലയുടെ വിവിധ മേഖലകളിൽ കഴിയുന്നത്. മാസങ്ങളോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് കൊവിഡിന് അല്പം ശമനമുണ്ടാകുകയും ടൂറിസം മേഖലയിലെ നിയന്ത്രണം സർക്കാരും ജില്ലാ ഭരണകൂടവും ഒഴിവാക്കിയതും. തുടർന്ന് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിംഗ് ആരംഭിക്കുകയും സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ എത്തിതുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാം തരംഗത്തിൽ വ്യാപന നിരക്ക് വർദ്ധിക്കുകയും കഴിഞ്ഞ ദിവസം മുതൽ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയും ചെയ്തതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വറുതിയിലേക്ക് നീങ്ങി.

ബുക്കിംഗ് ഇല്ല

ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും ബുക്കിംഗ് കഴിഞ്ഞ ദിവസങ്ങളിൽ ട്രാവൽ ഏജൻസികൾ റദ്ദു ചെയ്തു. ടൂറിസം കേന്ദ്രങ്ങളിലേക്ക് അന്വേഷണങ്ങളും കുറഞ്ഞു. ഇതെല്ലാം അടുത്ത മാസങ്ങളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. ആഴ്ചകൾക്കുള്ളിൽ കാലവർഷമെത്തുന്നതോടെ ഈ വർഷം വിനോദ സഞ്ചാര മേഖലയിൽ ഉണർവുണ്ടാകാനുള്ള സാദ്ധ്യത വിരളമാണ്.

നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാകുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്‌തെങ്കിൽ മാതമ്രേ ഇനി ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പ്രതീക്ഷയുള്ളൂ. വൻതുക വാടകയും വൈദ്യുതി ചാർജും മറ്റും നൽകി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ നിലനില്പ് തന്നെ പരുങ്ങലിലാകും.

തൊഴിലാളികൾ ദുരിതത്തിൽ

ടൂറിസ്റ്റ് ബസുകളുടെയും ടാക്സി ഉടമകളുടെയും ഗൈഡുകളുടെയും മറ്റും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ ഒരു വർഷമായി ഷെഡിൽ കയറ്റിയിട്ടിരിക്കുകയാണ് ടൂറിസ്റ്റ് ബസുകൾ. ടൂറിസം മേഖല മാത്രം ലക്ഷ്യമിട്ട് ജില്ലയിടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച ടാക്സി തൊഴിലാളികളും ആശങ്കയിലാണ്. ഇവ പുറത്തിറക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്തവർ തുക തിരിച്ചടയ്ക്കാനാകാതെ ജപ്തി ഭീഷണിയിലാണ്. വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ആരംഭിച്ച സ്വകാര്യ ബിസിനസ് സംരംഭകരും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

Advertisement
Advertisement