തളയ്ക്കാനാവാതെ കൊവിഡ് മുക്കം അങ്ങാടി അടച്ചു

Thursday 06 May 2021 12:02 AM IST
കൂടരഞ്ഞി പഞ്ചായത്തിന് മുക്കത്തെ മോട്ടോർ തൊഴിലാളി യൂണിയൻ ആംബുലൻസ് കൈമാറുന്നു

മുക്കം: കൊവിഡ് വ്യാപനം പിടിവിട്ടതോടെ മലയോര മേഖലയുടെ സിരാകേന്ദ്രമായ മുക്കം അങ്ങാടി അടച്ചു. അങ്ങാടിയിലേക്കുള്ള എല്ലാ പ്രവേശന വഴികളും പൊലീസ് ബാരിക്കേഡ് വെച്ച് അടയ്ക്കുകയായിരുന്നു. അത്യാവശ്യമായി അങ്ങാടിയിലേക്ക് വരുന്നവർക്ക് വാഹനം ബാരിക്കേടിന് പിന്നിൽ നിറുത്തി നടന്നു പോകാം. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭാ ചെയർമാൻ അഭ്യർത്ഥിച്ചു. അതെസമയം മുക്കം സി.എച്ച്.സിയിൽ ഇന്നലെ കൊവിഡ് പരിശോധന ഉണ്ടായിരുന്നില്ല. വിവിധ സ്വകാര്യ ലാബുകളിൽ നടത്തിയ പരിശോധനയിൽ 28 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുക്കം സി.എച്ച്.സിയിൽ വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചതായി മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ പ്രജിത പ്രദീപ് എന്നിവർ അറിയിച്ചു. കാരശ്ശേരിയിൽ ഇന്നലെ 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ല കളക്ടർ നിയോഗിച്ച 9 അദ്ധ്യാപകരുടെ സഹായത്തോടെ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഇവർ ഓരോരുത്തരും രണ്ടുവീതം വാർഡുകളുടെ ചുമതല നിർവഹിക്കും. കൂടരഞ്ഞി പഞ്ചായത്തിന് കൊവിഡ് കാല ഉപയോഗത്തിനായി മുക്കത്തെ മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ആംബുലൻസ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫ് ഏറ്റുവാങ്ങി. ആംബുലൻസ് സേവനം ആവശ്യമുളളവർ പഞ്ചായത്തംഗങ്ങളെയോ 9072062695, 8848954346, 8156885009, 9947230201 എന്നീ നമ്പറുകളിലൊ ബന്ധപ്പെടണം.

Advertisement
Advertisement