ഒാണസദ്യയുണ്ണാൻ ഇനി തിരുമേനി വരില്ല

Thursday 06 May 2021 12:13 AM IST
ക്രി​സോസ്റ്റത്തി​നൊപ്പം ശ്രീകുമാർ

തിരുവല്ല : ഇരുപത്തി രണ്ടുവർഷം തിരുവോണനാളിൽ വിഭവസമൃദ്ധമായ സദ്യ മാർ ക്രിസോസ്റ്റത്തിന് വിളമ്പിയത്തിന്റെ ധന്യതയിലാണ് മതിൽഭാഗം സ്വദേശി ശ്രീകുമാർ. മതിൽഭാഗത്ത് വീട്ടിൽ ശ്രീകുമാറിന്റെ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു തിരുമേനിയുടെ തിരുവോണസദ്യ. ഓണക്കോടിക്കുള്ള വസ്ത്രം നേരത്തെ വാങ്ങി തിരുമേനിയുടെ പാകത്തിന് തുന്നി നൽകുന്നതായിരുന്നു പതിവ്. തിരുമേനിക്ക് കറുത്ത സ്ട്രാപ്പുള്ള റിസ്റ്റ് വാച്ചും ശ്രീകുമാർ സമ്മാനിച്ചിരുന്നു. സ്വകാര്യചാനലിൽ ജോലി ചെയ്തിരുന്ന കാലത്ത് തിരുമേനിയുടെ ഇന്റർവ്യൂ എടുക്കാൻ എത്തിയതോടെയാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. ഒരിക്കൽ തിരുമേനിക്ക് കഥകളി കാണണമെന്ന മോഹവും ശ്രീകുമാർ സഫലമാക്കി. തിരുവല്ലയിലെ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ ഇതിനായി വേദിയൊരുക്കി. ബൈബിളിലെ നല്ല ശമരിയാക്കാരന്റെ കഥയാണ് അവതരിപ്പിച്ചത്. മാർത്തോമ്മാ മെത്രാപോലീത്ത കഥകളി കാണുന്നത് വാർത്താ പ്രാധാന്യവും നേടി. കഥകളി മുഴുവൻ കണ്ടശേഷം കലാകാരന്മാരെയും അനുഗ്രഹിച്ചാണ് തിരുമേനി അന്ന് മടങ്ങിയത്. മാതാ അമൃതാനന്ദമയി, ജഗതി ശ്രീകുമാർ, ഇന്നസെന്റ് എന്നിവരുമായുള്ള ക്രിസോസ്റ്റത്തിന്റെ സൗഹൃദത്തിനും ശ്രീകുമാർ കാരണക്കാരനായി. വിവിധ കല്ലുകളും രുദ്രാക്ഷങ്ങളും കൊണ്ടുള്ള കൊന്തകളും ഇദ്ദേഹം തിരുമേനിക്ക് സമർപ്പിച്ചിട്ടുണ്ട്. ശീകുമാറെ...എന്നുള്ള വിളി ഇനി ഉണ്ടാകില്ലായെന്ന വിഷമത്തിലാണ് തിരുമേനിയുടെ ഇൗ അടുത്ത ചങ്ങാതി.

Advertisement
Advertisement