ആഭ്യന്തര വിമാന യാത്രക്കാർ കുത്തനെ കുറയുന്നു
ന്യൂഡൽഹി: കൊവിഡ് ഭീതിയും കടുത്ത നിയന്ത്രണങ്ങളും ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുത്തനെ കുറയാനിടയാക്കുന്നു. റേറ്റിംഗ് ഏജൻസിയായ ഇക്രയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞമാസം ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഇടിവ് 29 ശതമാനമാണ്. 55 ലക്ഷത്തോളം പേരാണ് കഴിഞ്ഞമാസം വിമാനയാത്ര നടത്തിയത്. മാർച്ചിൽ യാത്രക്കാർ 78 ലക്ഷമായിരുന്നു.
യാത്രക്കാർ നിർബന്ധമായും ആർ.ടി.-പി.സി.ആർ പരിശോധന നടത്തണമെന്ന് ഒട്ടുമിക്ക സംസ്ഥാനങ്ങളും ഉത്തരവിറക്കിയിട്ടുണ്ട്. ഇതാണ് യാത്രക്കാരെ വിമാനങ്ങളിൽ നിന്ന് അകറ്റുന്നത്. മേയ് മൂന്നിന് പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തിന് താഴേക്കുവീണു. കഴിഞ്ഞ സെപ്‌തംബറിന് ശേഷം ഇത് ആദ്യമാണ്. മാർച്ചിൽ 2,300 വിമാനങ്ങൾ പ്രതിദിനം പറന്നുവെങ്കിൽ ഏപ്രിലിൽ എണ്ണം 2,000 ആയിക്കുറഞ്ഞു. ഓരോ വിമാനത്തിലെയും ശരാശരി യാത്രക്കാരുടെ എണ്ണം മാർച്ചിൽ 109 ആയിരുന്നത് ഏപ്രിലിൽ 93 ആയും കുറഞ്ഞു.
യാത്രക്കാരുടെ എണ്ണവും ആനുപാതികമായി വരുമാനവും ഇടിഞ്ഞതിനാൽ സാമ്പത്തിക പ്രതിസന്ധിയിലായ വിമാനക്കമ്പനികളെ വലച്ച് ഇന്ധനവിലയും കൂടുകയാണ്. ഏപ്രിലിൽ വില 2020 ഏപ്രിലിനെ അപേക്ഷിച്ച് 103.4 ശതമാനം ഉയർന്നു. ഈമാസം ഇതുവരെ വിലയിൽ 59.8 ശതമാനം വർദ്ധനയുമുണ്ട്.