വരണമാല്യം ചാർത്താൻ മുളവടി: വൈറലായി കല്യാണം

Thursday 06 May 2021 12:56 AM IST

പാട്ന: കൊവിഡ് കാലത്തെ കല്യാണങ്ങളിലെല്ലാം അല്പം വ്യത്യസ്തതയുണ്ട്.

ഇത്തരത്തിൽ വ്യത്യസ്തമായ മറ്റൊരു വിവാഹ വീഡിയോ കൂടി കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. ബീഹാറിലെ ബെഗുസരായിയിൽ നടന്ന ഈ വിവാഹത്തെ വ്യത്യസ്തമാക്കിയത് വധൂവരന്മാർ വരണമാല്യം ചാർത്തിയ രീതിയാണ്. സാമൂഹിക അകലം പാലിക്കുന്നതിനായി മുളവടി ഉപയോഗിച്ചാണ് വധൂവരന്മാർ പരസ്പരം മാല ചാർത്തിയത്. ഇരുവരും മാസ്‌കും ഫേസ്ഷീൽഡും ധരിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ വധൂവരന്മാർ ഏതറ്റം വരെയൊക്കെ പോകാമെന്നതിന്റെ ഉദാഹരണമായി ഛത്തീസ്ഗഢിലെ അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ ദിപാൻഷു കബ്രയാണ് വിവാഹ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. നിരവധിപ്പേർ ഇത് ഷെയർ ചെയ്തു.

വ്യത്യസ്തമായ വരണമാല്യം ചാർത്തൽ പലരെയും രസിപ്പിച്ചെങ്കിലും ഇതിനെതിരെ വിമർശനവും സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയർന്നു. എന്തിനാണ് വിവാഹത്തിനായി ഇത്ര തിടുക്കമെന്നും നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് കുറച്ച് കാലത്തേക്ക് മാറ്റിവയ്ക്കുന്നതിൽ എന്താണ് കുഴപ്പമെന്നും ചിലർ കമന്റിട്ടു. എന്നാൽ 50ൽ താഴെ പേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും അധികൃതർ നിർദ്ദേശിച്ച മുൻകരുതലുകൾ എല്ലാം പാലിച്ചെന്നും വധൂവരന്മാരുടെ കുടുംബക്കാർ പറയുന്നു.

Advertisement
Advertisement