പകുതി കൂലി പോലും ലഭിക്കാതെ ബസ് തൊഴിലാളികൾ

Thursday 06 May 2021 12:00 AM IST

മഞ്ചേരി: കൊവിഡ് വ്യാപനത്തെ തുടർന്ന് സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ ഉഴറുമ്പോൾ പകുതി കൂലി പോലും ലഭിക്കാതെ ബസ് തൊഴിലാളികൾ വലയുന്നു. 200 മുതൽ 300 രൂപ വരെയാണ് തൊഴിലാളികൾക്ക് കിട്ടുന്ന കൂലി. മഹാമാരിയുടെ ആരംഭത്തിനൊപ്പം ഉടലെടുത്ത പ്രതിസന്ധി എന്നവസാനിക്കുമെന്ന ആശങ്കയിലാണ് ബസുടമകളും തൊഴിലാളികളും.
നിലവിലെ സാഹചര്യത്തിൽ പൊതുഗതാഗത സൗകര്യം ഉപയോഗിക്കാൻ ആളുകൾക്ക് വിമുഖതയുണ്ട്. യാത്രക്കാരെ നിറുത്തിയുള്ള യാത്ര സർക്കാർ വിലക്കിയതും തിരിച്ചടിയായി.

കൊവിഡിന്റെ ഒന്നാംതരംഗത്തിൽ ഏറെക്കാലം കട്ടപ്പുറത്തായ ബസുകൾ നിരത്തിലിറങ്ങിയതോടെ വലിയ ആശ്വാസത്തിലായിരുന്നു തൊഴിലാളികൾ. എന്നാൽ രണ്ടാംതരംഗം പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചെന്ന് തൊഴിലാളികൾ പറയുന്നു. ഒമ്പതാം തീയതി വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പല ബസുകൾക്കും നിറുത്തിയിടേണ്ട സാഹചര്യമാണ്. പലരും ജി ഫോം കൊടുത്ത് സർവീസ് താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. മുമ്പ് ഓരോ അഞ്ചു മിനിറ്റിലും സ്റ്റാൻഡിൽ നിന്നും എടുത്തിരുന്ന ബസുകളിപ്പോൾ യാത്രക്കാരെയും പ്രതീക്ഷിച്ച് ഒരുമണിക്കൂറോളം നിറുത്തിയിടുകയാണ്.

ഡീസൽ വില വർദ്ധനവും ബസുടമകളെ അലട്ടുന്നുണ്ട്. മുമ്പ് നാല് ജീവനക്കാർ ജോലി ചെയ്തിരുന്ന ബസുകളിൽ ഇപ്പോൾ രണ്ടുപേരേയുള്ളൂ. പകുതി പൈസയ്ക്ക് ജീവനക്കാർ പണിയെടുത്തിട്ടും കനത്ത നഷ്ടമാണ് .

വേണം ആനുകൂല്യങ്ങൾ

  • നിലവിലെ സ്ഥിതി തുടർന്നാൽ തങ്ങളും സർവീസ് നിറുത്തേണ്ട അവസ്ഥയിലാകുമെന്നാണ് നിലവിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുടമകൾ പറയുന്നത്.
  • അവധി ദിനങ്ങളിൽ ചുരുക്കം ബസുകളേ സർവീസ് നടത്തുന്നുള്ളൂ. അല്ലാത്ത ദിവസങ്ങളിൽ രാവിലെയും വൈകിട്ടും മാത്രം ഓടുന്ന ബസുകളുമുണ്ട്.
  • ഇന്ധനച്ചെലവും നികുതിയും അറ്റകുറ്റ പണിച്ചെലവും നടത്തിപ്പുമെല്ലാം ഒത്തുപോകില്ലെന്നാണ് ഉടമകൾ പറയുന്നത്.
  • നിയന്ത്രണങ്ങൾ മുറുകുന്ന സാഹചര്യത്തിൽ മറ്റൊരു ജോലി തേടിപ്പോകാനും ബസ് ജീവനക്കാർക്കാവുന്നില്ല.
  • സ്വകാര്യ ബസ് വ്യവസായം നിലനിൽക്കണമെങ്കിൽ ഇന്ധന സബ്സിഡിയും നികുതി ഇളവും ഏർപ്പെടുത്തണമെന്നാണ് ഉടമകളുടെ ആവശ്യം. ഇൻഷ്വറൻസ് പ്രീമിയം കുറയ്ക്കണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു.
Advertisement
Advertisement