സർക്കാർ കേന്ദ്രങ്ങളിൽ സെക്കൻഡ് ഡോസ്

Thursday 06 May 2021 12:55 AM IST

കൊല്ലം: സ്വകാര്യ ആശുപത്രികളിൽ കൊവിഡ് വാക്സിനേഷൻ നിലച്ചതിൽ വിഷമിക്കേണ്ട. ഇവിടങ്ങളിൽ നിന്ന് ആദ്യഡോസെടുത്തവർക്കും സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് സെക്കൻഡ് ഡോസെടുക്കാം. നിലവിലെ ക്രമീകരണ പ്രകാരം ഓൺലൈനിൽ ബുക്ക് ചെയ്യാതെ തന്നെ തൊട്ടടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിലെത്തി സെക്കൻഡ് ഡോസ് സ്വീകരിക്കാം.

ജില്ലയിൽ മുപ്പതോളം സ്വകാര്യ ആശുപത്രികളിൽ കൊവിഡ് വാക്സിനേഷൻ നടത്തിയിരുന്നു. കഴിഞ്ഞമാസം അവസാനത്തോടെയാണ് സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ തലത്തിലുള്ള വാക്സിൻ വിതരണം നിറുത്തിയത്. സ്റ്റോക്ക് തീർന്നതിനാൽ കഴിഞ്ഞമാസം 30ന് ശേഷം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും വാക്സിനേഷൻ നടന്നിട്ടില്ല. അതിനാൽ ഇവിടങ്ങളിൽ നിന്ന് ആദ്യഡോസെടുത്തവർക്ക് ഉണ്ടായിരുന്ന രണ്ടാം ഡോസിനെക്കുറിച്ചുള്ള ആശങ്കയ്ക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

50 ദിവസത്തിനുള്ളിൽ രണ്ടാം

ഡോസ് കിട്ടാത്തവർ ചുരുക്കം

50 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് കിട്ടാത്തവർ ജില്ലയിൽ വളരെ ചുരുക്കമേ ഉണ്ടാകുള്ളുവെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. 50 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് കിട്ടാത്തവരുണ്ടെങ്കിൽ പ്രദേശത്തെ ആശാ പ്രവർത്തകുമായി ബന്ധപ്പെടണം. ഇവർ ആദ്യ ഡോസെടുത്ത വാക്സിൻ ഏത് കേന്ദ്രത്തിൽ ഉണ്ടെന്നും ഏപ്പോൾ എത്തണമെന്നും അറിയിക്കും.

ജില്ലയിൽ പൊതുജനങ്ങൾക്കുള്ള വാക്സിനേഷൻ തുടങ്ങിയിട്ട് 60 ദിവസമേ ആകുന്നുള്ളു. കൊവാക്സിൻ എടുത്തവർ 4 മുതൽ 6 ആഴ്ചകൾക്കിടയിലും കൊവിഷീൽഡ് എടുത്തവർ ആറ് മുതൽ എട്ട് ആഴ്ചയ്ക്കിടയിലും സെക്കൻഡ് ഡോസെടുക്കണം.

 വാക്സിനേഷൻ തുടങ്ങിയത് (പൊതുജനങ്ങൾക്ക്): മാർച്ച് 5ന്

 കൂടുതൽപേർ വാക്സിൻ സ്വീകരിച്ചത്: മാർച്ച് 25നും ഏപ്രിൽ 10നും ഇടയിൽ

''

ഇനിയുള്ള മൂന്ന് ദിവസം വാക്സിനേഷൻ സുഗമമായി നടത്താനുള്ള സ്റ്റോക്ക് കരുതിയിയിട്ടുണ്ട്. ജില്ലയിലെ 800 കേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോസ് എത്തിച്ചിട്ടുണ്ട്.

ആരോഗ്യവകുപ്പ്

Advertisement
Advertisement