കഠിന പാതകളിൽ കരുണയുള്ള നല്ലിടയൻ

Thursday 06 May 2021 3:54 AM IST

പത്തനംതിട്ട: ജീവിതത്തിന്റെ കഠിനപാതകളിൽ സദ് വചനങ്ങളും പുണ്യ കർമ്മങ്ങളും കൊണ്ട് കരുണയുടെ പച്ചത്തലപ്പുകൾ നട്ടുനനച്ച നല്ലിടയൻ ആയിരുന്നു മാർ ക്രിസോസ്റ്റം തിരുമേനി. ചിരിയുടെ ഉലയിൽ അദ്ദേഹം ഉൗതിക്കാച്ചിയ സ്വർണനിറമുള്ള ചിന്തകൾ വിശുദ്ധിയുടെ പ്രഭചൊരിഞ്ഞ് കേൾവിക്കാരന്റെ ഹൃദയത്തിൽ കിളിർത്തു തളിർത്തു. മണ്ണിൽ ചവിട്ടി നിന്ന് പാവപ്പെട്ടവന്റെ ജീവിതം അറിഞ്ഞു. അവരുടെ പാതയിൽ സഹായങ്ങൾ വിതറി.

പൗരോഹിത്യത്തിന്റെ പരമ്പരാഗത ചിട്ടവട്ടങ്ങളിൽ നിന്ന് വേറിട്ടതായിരുന്നു അദ്ദേഹത്തിന്റെ ആത്മീയ ജീവിതം. അതുകൊണ്ടാണ് ക്രൈസ്തവ വിശ്വാസികൾക്കപ്പുറം നാനാതുറകളിലുള്ളവരുടെ ആദ്ധ്യാത്മിക ഗുരുവാകാൻ ക്രിസോസ്റ്റത്തിന് കഴിഞ്ഞത്. ക്രിസ്‌മസ് പോലെ ഓണവും വിഷുവും റംസാനും തിരുമേനി ഹൃദയത്തിൽ ചേർത്തു വച്ചിരുന്നു. ദൈവീക ദർശനങ്ങൾ സാധാരണക്കാർക്ക് ബാലികേറാമലയാണെന്ന ധാരണ അദ്ദേഹം തകർത്തു. മാരാമൺ കൺവെൻഷനിൽ മാത്രമല്ല നാട്ടിൻപുറത്തെ എൽ.പി സ്‌കൂൾ വാർഷികങ്ങളിലും അദ്ദേഹം സദസിനെ കൈയിലെടുത്തു. തുറന്ന മനസോടെ സർവതിനെയും സമീപിച്ചു.

ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളംകളിയിലും വള്ളസദ്യയിലും കൂടാനും വള്ളപ്പാട്ടുപാടാനും അദ്ദേഹത്തിന് ആവേശമായിരുന്നു. മതസാഹോദര്യത്തിന്റെ സന്ദേശം നൽകാനുള്ള ഇടപെടലായിരുന്നു അത്. ആറൻമുളയിലെ മാത്രമല്ല,​ ഹൈന്ദവ സമൂഹത്തിന്റെയാകെ ഹൃദയത്തിൽ ക്രിസോസ്റ്റം ഉന്നത സ്ഥാനം നേടിയത് ഇത്തരം ഇടപെടലുകളിലൂടെയാണ്.

എന്നും റംസാൻ ആയിരുന്നെങ്കിൽ

ഒരു റംസാൻ കാലത്ത് ഇഫ്ത്താർ വിരുന്നിൽ അദ്ദേഹം പറഞ്ഞു- '' എന്നും റംസാൻ ആയിരുന്നെങ്കിലെന്നാണ് എന്റെ പ്രാർത്ഥന. നമുക്കെല്ലാവർക്കും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാമല്ലോ ''

വിശ്വാസികളെ ഉപദേശിക്കാൻ മാത്രമുള്ളതല്ലായിരുന്നു ക്രിസോസ്റ്റത്തിന് പൗരോഹിത്യം. നിന്ദിതരുടെയും പീഡിതരുടെയും ദുഃഖങ്ങൾ ഏറ്റുവാങ്ങിയ ക്രിസ്തുവായിരുന്നു അദ്ദേഹത്തിന്റെ വെളിച്ചം. പുതിയകാലം ക്രിസ്തുവിന് നൽകിയ ആർഭാടങ്ങൾ അദ്ദേഹത്തിന്റെ കാഴ്ചവട്ടത്തേ വരില്ലായിരുന്നു. താഴേ തട്ടിലുള്ളവരുടെ ഒപ്പമായിരുന്നു അദ്ദേഹം. യൗവനകാലത്ത് കർണാടകയിൽ ആദിവാസികൾക്കൊപ്പം കാട്ടിൽ വിറക് ശേഖരിക്കാനും മുക്കുവരുടെ കൂടെ കടലിൽ മീൻ പിടിക്കാനും അദ്ദേഹം പോയിട്ടുണ്ട്. സഹജീവികളെ അറിയാനുള്ള യാത്രകൾ. ജൊലാർപേട്ട് റെയിൽവേ സ്റ്റേഷനിൽ നാലുമാസത്തോളം ചുമടെടുത്തു. മറ്റ് ചുമട്ടുതൊഴിലാളികൾ യാത്രക്കാരോട് അമിതമായി കൂലിവാങ്ങുമായിരുന്നു. അത് തെറ്റാണെന്ന് ക്രിസോസ്റ്റം പറഞ്ഞു. ഒപ്പമുള്ള തൊഴിലാളിയുടെ ഉപദേശം ആദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ശാന്തമായ വാക്കുകൾക്ക് അവർ കീഴ്പ്പെട്ടു. ക്രമേണ തങ്ങളുടെ വേദനകൾ അവർ അദ്ദേഹത്തോട് പറഞ്ഞു.

മുക്കുവർ എന്ന ഗുരു

എത്ര ഗൗരവമുള്ള വിഷയത്തിലും നർമ്മം കലർത്തുക അദ്ദേഹത്തിന്റെ പ്രകൃതമാണ്. സ്വയം പരിഹസിച്ച് താനും വിമർശനത്തിന് അതീതനല്ലെന്ന് ബോദ്ധ്യപ്പെടുത്തും. സഭയെയും പുരോഹിതരെയും വിമർശിച്ചു. അത് അവരും ആസ്വദിച്ചു. അനുഭവങ്ങൾ പകർന്ന ബോദ്ധ്യങ്ങൾ പ്രഭാഷണങ്ങളിൽ നിറയും. ഒരിക്കൽ മുക്കുവർക്കൊപ്പം മീൻ പിടിക്കാൻ പോയ കഥ പറഞ്ഞു. കടലിലെ മത്സ്യക്കൂട്ടത്തെ കണ്ട് ആവേശഭരിതനായ ക്രിസോസ്റ്റം അവയ്ക്ക് മുകളിലൂടെ ബോട്ട് ഒാടിക്കാൻ പറഞ്ഞു. പക്ഷേ മുക്കുവർ പറഞ്ഞു - ' മത്സ്യങ്ങളെ ചവിട്ടിമെതിക്കരുത്. അവയെ മാനിക്കണം ''

മുക്കുവർ അങ്ങനെ തനിക്ക് ഗുരുവായി. ആർക്കും ഗുരുവായി മാത്രം നിൽക്കാനുള്ള അവകാശമില്ല. ശിഷ്യനാകാനുള്ള സന്നദ്ധതയും വേണം. അപ്പോഴേ പൂർണനാകൂ. മറ്റുള്ളവരെ കേൾക്കാനുള്ള എളിമയുണ്ടാകണം. - വിനീതമായ ഇൗ വീക്ഷണമായിരുന്നു ആ ആദ്ധ്യാത്മികാചാര്യന്റെ ജീവിത സന്ദേശം.

Advertisement
Advertisement